bahrainvartha-official-logo
Search
Close this search box.

മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ അന്തരിച്ചു

16-CT-KHADER

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദർ. കേരളീയനായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടേയും മ്യാൻമാർ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ൽ കിഴക്കൻ മ്യാൻമാറിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ച യു.എ.ഖാദർ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി.

കൊയിലാണ്ടി ഗവ: ഹൈസ്കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആർട്സിൽ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990-ലാണ് സർക്കാർ സർവീസിൽനിന്ന് വിരമിച്ചത്

നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്ത രചനകളിൽ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തിൽ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാനരചനകൾ.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

‘തൃക്കോട്ടൂർ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാർഡും തൃക്കോട്ടൂർ നോവലുകൾക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, മാതൃഭൂമി പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, അബുദാബി ശക്തി അവാർഡ് എന്നീ പുരസ്കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!