മനാമ: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിനായി ഇനി രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. ഡിസംബർ 25 വെള്ളിയാഴ്ച മുതൽ തൊട്ടടുത്ത ഹെൽത്ത് സെന്ററുകളിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെ തന്നെ നേരിട്ടെത്തി കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിനേഷന് വേണ്ടി നിലവിൽ ഇതിനോടകം രജിസ്‌ട്രേഷൻ നടത്തിയവരെ അവരുടെ രജിസ്‌ട്രേഷൻ വിവരങ്ങളുമായി ഡിസംബർ 24 നകം ബന്ധപ്പെടുമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ദേശീയ വാക്സിനേഷൻ കാംപെയിൻ പ്രമാണിച്ച് വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും അടക്കം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെ രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും വാക്സിനേഷൻ ലഭ്യമായിരിക്കും. എന്നാൽ വെള്ളി ശനി ദിവസങ്ങളിൽ വാക്സിനേഷന് വേണ്ടി മാത്രമായിരിക്കും ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുക.
പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും വാക്സിൻ സൗജന്യമാണെന്നും, സ്വന്തം സുരക്ഷക്കും, പൊതു സുരക്ഷക്കും എല്ലാ ജനങ്ങളും നാഷണൽ വാക്സിനേഷൻ കാംപെയിനോട് തുടർന്നും സഹകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമായിരുന്നു രാജ്യത്തെ ജനങ്ങളിൽ നിന്നും ലഭിച്ചു വന്നിരുന്നത്. ആദ്യഘട്ടത്തിൽ തന്നെ പത്തൊമ്പതിനായിരത്തിലധികം പേർക്ക് കുത്തിവെപ്പ് നടത്തിയിരുന്നു. ആദ്യദിനം തന്നെ രാജാവും പ്രധാനമന്ത്രിയുമടക്കമുള്ള ഭരണാധികാരികൾ വാക്സിൻ സ്വീകരിച്ചത് ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. കോവിഡ് പ്രതിരോധ വാക്സിനേഷന് ലഭിക്കുന്ന മികച്ച പ്രതികരണം ബഹ്‌റൈൻ സമൂഹത്തിലെ ആരോഗ്യ അവബോധത്തിന്റെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും പ്രസ്താവിച്ചിരുന്നു.