തിരുവനന്തപുരം: കേരളം വാക്‌സിൻ വിതരണത്തിന് പൂർണ്ണ സജ്ജമായി. ആദ്യ ദിനം 133 കേന്ദ്രങ്ങളിലായി 13,300 പേർക്ക് വാക്‌സിൻ ലഭിക്കും. 12 കേന്ദ്രങ്ങളാണ് എറണാകുളം ജില്ലയിൽ ഉണ്ടാവുക. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 ഉം ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങളും ഉണ്ടാകും. ജനുവരി 16 മുതൽ വാക്സീന്‍ വിതരണം തുടങ്ങുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. 30 കോടി ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന മൂന്നു കോടി ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുക. ബാക്കിയുള്ള 27 കോടി പേരിൽ അമ്പത് വയസ്സിനു മുകളിൽ പ്രായമുള്ളവരും അമ്പതു വയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടും. സെറം ഇൻസ്റ്റിറ്റിയൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവീഷീൽഡാകും ആദ്യം നൽകി തുടങ്ങുക.
