ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകൾക്കായി ആവശ്യപ്പെട്ടത്. ഇന്ത്യ വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നിൽക്കുകയാണ്. ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
നേപ്പാള്‍ 12 ലക്ഷം, ഭൂട്ടാൻ 10 ലക്ഷം, ബംഗ്ലാദേശ് മൂന്നുകോടി കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍നിന്ന് വാങ്ങാനൊരുങ്ങുന്നത്. കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് അയല്‍രാജ്യങ്ങള്‍ക്ക് ആദ്യം എന്ന രീതിയാവും ഇന്ത്യ പിന്തുടരുക. ശ്രീലങ്ക, മാലദ്വീപ്, ബ്രിക്‌സ് കൂട്ടായ്മയിലെ അംഗങ്ങളായ ബ്രസീലും സൗത്ത് ആഫ്രിക്കയും ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്ണുകള്‍ രാജ്യത്ത് വിജയകരമായി പൂർത്തീകരിച്ചു. ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്‌സിൻ വിതരണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകിത്തുടങ്ങുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.