ഇന്ത്യയിൽ നിന്നുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതി വൈകുന്നു; ബ്രിട്ടനിൽ വാക്‌സിന്‍ ലഭ്യത കുറയാൻ സാധ്യത

ലണ്ടൻ: ഇന്ത്യയില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കയറ്റുമതി വൈകുന്നതിനാൽ ബ്രിട്ടനിൽ ഏപ്രിൽ മാസത്തിൽ വാക്‌സിന്‍ ലഭ്യത കുറയാൻ സാധ്യത. മാര്‍ച്ച് 29 മുതല്‍ വാക്‌സിന്‍ വിതരണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ത്യയിലെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി കുറയുന്നതും യുകെയിലെ ഒരു ബാച്ച് വാക്‌സിന്റെ പുന:പരീക്ഷണം വൈകുന്നതു മൂലം ബ്രിട്ടനിലെത്തുന്ന വാക്‌സിന്‍ ഡോസുകളുടെ അളവില്‍ താമസിയാതെ കുറവുണ്ടാകുമെന്നും ഒരാഴ്ച മുമ്പ് തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള വിതരണം നടപ്പാക്കുന്നത് അസാധ്യമാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ഫൈസറിന്റേയും ആസ്ട്രസെനകയുടേയും വാക്‌സിനുകളാണ് ബ്രിട്ടനില്‍ നിലവില്‍ വിതരണം ചെയ്യുന്നത്. ഓര്‍ഡര്‍ നല്‍കിയ 100 ദശലക്ഷം ആസ്ട്രസെനക വാക്‌സിന്‍ ഡോസുകളില്‍ 10 ദശലക്ഷം സിറം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നാണ് ലഭിക്കേണ്ടത്. അഞ്ച് ദശലക്ഷം ഡോസുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ എത്തിച്ചതായി സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ വക്താവ് അറിയിച്ചു. ഇന്ത്യയിലെ വാക്‌സിന്‍ വിതരണം കണക്കിലെടുത്തായിരിക്കും ശേഷിക്കുന്ന ഡോസുകളുടെ കയറ്റുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇന്ത്യ നിര്‍ത്തിയതായി കരുതുന്നില്ലെന്നും സാങ്കേതികതടസങ്ങള്‍ ഒഴിവാകുന്നതോടെ വിതരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.