ന്യൂഡൽഹി: കേരളത്തിൽ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 8.83 ശതമാനമാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് (62%). പഞ്ചാബിൽ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് എറണാകുളം (2673), പത്തനംതിട്ട (2482), കണ്ണൂർ (2263), പാലക്കാട് (2147), തൃശ്ശൂർ (2065) എന്നീ ജില്ലകളിലാണ്.
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ശനിയാഴ്ച ഈ വർഷം ഇതാദ്യമായി 40,000 കടന്നു. 24 മണിക്കൂറിനിടെ 40,953 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതുതായി 188 പേർകൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 1.59 ലക്ഷമായി ഉയർന്നു. കോവിഡ് മരണങ്ങളിൽ 81.38 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലായിട്ടാണ്. ഇതിൽ മഹാരാഷ്ട്രയിൽ 70, പഞ്ചാബ് 38, കേരളം 17 എന്നിങ്ങനെയാണ് . കേരളമുൾപ്പെടെ എട്ടുസംസ്ഥാനങ്ങളിൽ 60 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ 60 ശതമാനവും നൽകിക്കഴിഞ്ഞു.