മനാമ: ഇന്ന് മാർച്ച് 21 ഞായറാഴ്ച മുതൽ സിത്ര മാളിനെ രാജ്യത്തെ വലിയ കൊവിഡ് 19 വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റുമെന്നും ദേശീയ വാക്സിനേഷൻ കാമ്പയിന്റെ ശേഷി കൂടുതൽ വികസിപ്പിക്കുമെന്നും ഇതുവഴി വാക്സിനേഷൻ രജിസ്ട്രേഷനുകളിൽ വർദ്ധനവുണ്ടാക്കുമെന്നും നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് ഫോർ കൊറോണവൈറസ് അറിയിച്ചു.
സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് മേധാവിയുമായ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പുതിയ വലിയ തോതിലുള്ള വാക്സിനേഷൻ കേന്ദ്രത്തിൻ്റെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വാക്സിനേഷൻ കേന്ദ്രം ഔദ്യോഗികമായി തുറന്നതിനുശേഷം, കൊവിഡ് -19 വാക്സിനേഷനായി രജിസ്റ്റർ ചെയ്ത പൗരന്മാർക്കും താമസക്കാർക്കും എസ്എംഎസ് സന്ദേശം വഴി അവർക്ക് അയച്ച നിശ്ചിത അപ്പോയിന്റ്മെന്റ് സമയങ്ങൾക്കനുസൃതമായി സിത്ര മാളിൽ പുതിയ വാക്സിനേഷൻ സെന്ററിൽ വാക്സിൻ സ്വീകരിക്കാൻ കഴിയും.
എൻഎച്ച്‌ആർഎ അംഗീകരിച്ച കൊവിഡ് 19 വാക്സിനേഷൻ സൗകര്യങ്ങൾ പുതിയ വാക്സിനേഷൻ സെന്റർ നൽകും. വാക്‌സിൻ സ്വീകരിക്കാനായി ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യാവുന്നതാണ്.