മനാമ: സൗദി അറേബ്യയിൽ നിന്നുള്ള സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി. നാളെ, മെയ് 17 മുതൽ സൗദി അറേബ്യയിലെ കടൽ, വ്യോമ, കര അതിർത്തികൾ വീണ്ടും തുറക്കാനിരിക്കെയാണ് കോസ്‌വേ അതോറിറ്റി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ബഹ്റൈനും സൗദി അറേബ്യയും കൊറോണ വൈറസിൽ നിന്നും പൗരന്മാരെയും പ്രവാസികളെയും സുരക്ഷിതമാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കെ.എഫ്.സി.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇമാദ് അൽ മുഹൈസൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാവിലക്ക് നീക്കുന്നതിലൂടെ സാമൂഹിക ബന്ധം പുനസ്ഥാപിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തി നേടിയവർക്കും മാത്രമാണ് സൗദിയിൽ നിന്നും പുറത്തേക്കു പോകാനുള്ള അനുമതി നൽകിയിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും എന്നും അദ്ദേഹം അറിയിച്ചു.
സൗദി അറേബ്യയിൽ നിന്നും ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർ ജിസിസി രാജ്യങ്ങളിൽ അംഗീകരിച്ച ഏതെങ്കിലും അപ്പ്ലിക്കേഷനിലൂടെ വാക്‌സിനേഷൻ / രോഗമുക്തി വിവരങ്ങൾ ഹാജരാക്കണം. അല്ലങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധന ഫലം നിര്ബന്ധമാണ്. മറ്റു രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് എത്തുന്നവർക്ക് പി സി ആർ പരിശോധന ഫലം കൂടി നൽകണം.
ഈദ് ദിനം മുതൽ അംഗീകൃത ആപ്പുകളിൽ ഗ്രീൻ സിഗ്നൽ കാണിക്കുന്നവർക്ക് വന്നിറങ്ങുമ്പോഴുള്ള ടെസ്റ്റുകൾ ഒഴിവാക്കുന്നതടക്കമുള്ള നിരവധി ഇളവുകൾ ബഹ്‌റൈനും പ്രഖ്യാപിച്ചിരുന്നു.
സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി മെയ് 17 മുതൽ 23 വരെ കോസ്വേയിലെ കൺട്രോൾ ടവറും തെരുവോരങ്ങളിലെ പ്രധാന കെട്ടിടങ്ങളും ചുവപ്പും പച്ചയും ഇടകലർത്തി ബഹ്‌റൈൻ വർണ ശോഭ ഒരുക്കും.