മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ബൂസ്റ്റർ ഡോസ് വാക്സിനുകൾ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം പൗരൻമാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
രാജ്യത്ത് കൊറോണ വൈറസ് മൂലം മരണപ്പെട്ടവരിൽ 95 ശതമാനം പേരും വാക്‌സിൻ സ്വീകരിക്കാത്തവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നതായി മന്ത്രാലയം പറഞ്ഞു . ഇന്നലെ വൈറസ് ബാധിച്ച് മരിച്ച 28 പേരുടെ കുടുംബാംഗങ്ങൾക്ക് ആരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കായിരുന്നു ഇത്. ഇവരിൽ 24 പേരും വാക്‌സിൻ സ്വീകരിക്കാത്തവരാണ്. കോവിഡ് കേസുകളിൽ നിന്നും പൂർണമായും മുക്തി നേടാൻ രാജ്യത്തിന് സാധിക്കുമെന്ന പ്രത്യാശ ആരോഗ്യമന്ത്രാലയം പ്രകടിപ്പിച്ചു. ജനങ്ങൾ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കണമെന്നും പ്രതിരോധകുത്തിവെപ്പുകൾ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുക ഒത്തുചേരലുകൾ കുറയ്ക്കുക തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ഓർമ്മിപ്പിച്ചു.