മനാമ: ബഹ്റൈനിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് മറുപടിയുമായി നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സ്. സിനോഫാം വാക്സിന് എന്തെങ്കിലും പോരായ്മ ഉള്ളതുകൊണ്ടല്ല; പ്രതിരോധ ശേഷി വർധിപ്പിക്കാനാണ് ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് മെഡിക്കൽ ടീം അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു.
ഓരോ വാക്സിനും നിശ്ചിതകാലത്തേക്കാണ് നൽകുന്നത്. അതിനുശേഷം ഫലപ്രാപ്തി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് അനിവാര്യമാണ്. കുട്ടിക്കാലം മുതൽ സ്വീകരിക്കുന്ന എല്ലാ അംഗീകൃത വാക്സിനുകൾക്കും ബൂസ്റ്റർ ഡോസുണ്ട്. കോവിഡ് വാക്സിന് മാത്രമുള്ളതല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉൽപാദനരീതിയുടെ പ്രത്യേകത കാരണം നിഷ്ക്രിയ വാക്സിൻ എന്നാണ് സിനോഫാം വാക്സിൻ അറിയപ്പെടുന്നത്. ഈ വാക്സിൻ സ്വീകരിച്ചവർക്ക് സിനോഫാം, ഫൈസർ ബയോൺടെക് എന്നിവയിൽ ഒന്ന് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കാം. മറ്റ് വാക്സിനുകൾക്കും ബൂസ്റ്റർ ഡോസ് ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച് പിന്നീട് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വാക്സിനും വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട കാലയളവുണ്ട്. അതിനുശേഷവും ഫലപ്രാപ്തി നിലനിർത്താൻ ബൂസ്റ്റർ ഡോസ് ആവശ്യമാണ്. ഇതിനായി വാക്സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികളുമായും അംഗീകൃത ആരോഗ്യ സംഘടനകളുമായും ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.