മനാമ: ബഹ്റൈനിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. പ്രതിദിന കോവിഡ് കേസുകളിലെ കുറവ് ഇതിന് തെളിവാണ്. നിലവിലുള്ള രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവാണുണ്ടായത്. മേയ് 29ന് 28,798 രോഗികളുണ്ടായിരുന്നത്. ജൂൺ എട്ട് ആയപ്പോൾ 19,238 ആയി കുറഞ്ഞു.
ഇപ്പോൾ കൈവരിച്ച പുരോഗതി നിലനിത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ ജൂൺ 25 വരെ നീട്ടാൻ തീരുമാനിച്ചത്. അതിനുശേഷം സാഹചര്യം വിലയിരുത്തി വിവിധ മേഖലകൾ ക്രമാനുഗതമായി തുറക്കും. അതേസമയം, കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ മാത്രം മതിയാകില്ലെന്നും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വപൂർണമായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.