മനാമ: 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ വഴി രക്ഷകർത്താക്കൾക്കോ മുതിർന്നവർക്കോ കൊറോണവൈറസ് പിടിപെടാൻ സാധ്യത ഏറെയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് എത്രയും വേഗം വാക്സിനേഷൻ നൽകണമെന്ന് ടാസ്ക് ഫോഴ്സ് അംഗമായ ഡോക്ടർ ജമീല അൽ സൽമാൻ രക്ഷകർത്താക്കളോട് കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തള്ളിക്കളായൻ രക്ഷിതാക്കളോട് അഭ്യർഥിക്കുന്നതായും ഡോ. ജമീലപറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായോ ശെവദ്യശാസ്ത്രപരമായോ അടിസ്ഥാനമില്ല. ഡോക്ടർമാരിൽനിന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്നും മാത്രം വിവരങ്ങൾ തേടാനും ഡോ. ജമീല ആഹ്വാനം ചെയ്തു. അപ്പോയിൻമെൻറ് ലഭിച്ചവർ കൃത്യസമയത്ത് വാക്‌സിൻ സ്വീകരിക്കാൻ തയാറാകണമെന്നും ഡോ. ജമീല ഓർമിപ്പിച്ചു.