സിനോഫാം സ്വീകരിച്ച 50 വയസ്സിന് മുകളിലുള്ളവരോട് ഉടൻ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് ആരോഗ്യ മന്ത്രാലയം

മനാമ: 50 വയസ്സിനു മുകളിലുള്ളവർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 മാസം മുമ്പ് ചൈനീസ് വാക്സിനായ സിനോഫോം രണ്ട് ഡോസും സ്വീകരിച്ച 50 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് ഫൈസർ ബയോ എൻടെക്കിന്റെ ബൂസ്റ്റർ ഡോസ് വാക്‌സിനായി ബി അ‌വെയർ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

സിനോഫാം വാക്സിൻ രണ്ട് ഡോസ്സും സ്വീകരിച്ച് മൂന്നു മാസം പൂർത്തിയായവർക്ക് ബി അ‌വെയർ ആപ്ലിക്കേഷനിലുണ്ടായിരുന്ന പച്ച നിറത്തിലുള്ള വാക്‌സിനേറ്റഡ് ലോഗോ മഞ്ഞ നിറത്തിലേക്ക് മാറ്റപ്പെടും. ഇവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞതിന് ശേഷം മാത്രമേ ലോഗോ വീണ്ടും പച്ച നിറത്തിലേക്ക് വരികയുള്ളൂ.

പ്രതിരോധ കുത്തിവെപ്പുകളുടെ സുരക്ഷയെക്കുറിച്ചും മികച്ച ഫലപ്രാപ്തിയെക്കുറിച്ചും ആരോഗ്യമന്ത്രി സംസാരിച്ചു. കോവിഡ് വൈറസ് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ലഘൂകരിക്കാൻ വാക്സിൻ സ്വീകരിക്കുന്നതിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി ഓർമ്മിപ്പിച്ചു. വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നതിൻ്റെ തോത് കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനായി രാജ്യത്ത് ദേശീയ പ്രതിരോധ കുത്തിവെപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കുത്തിവെപ്പ് പ്രചാരണത്തിലൂടെ പകർച്ചവ്യാധി ഇല്ലാതാക്കുന്നതിനും എത്രയുംവേഗം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിവരുന്നതിനും വേണ്ടിയുള്ള ജാഗ്രത വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.