മനാമ: ബഹ്റൈനിൽ ഒരു മാസത്തിനിടെ കോവിഡ് കേസുകളിൽ 88 ശതമാനം കുറവുണ്ടായതായി ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് 27ന് 26,883 രോഗികളുണ്ടായിരുന്നത്. ജൂൺ 30 ആയപ്പോൾ 3,188 ആയി കുറഞ്ഞിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കണ്ടതിന്റെ ഫലമാണിതെന്നും മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ തുടർന്നും പങ്കളികളാകണമെന്നും ബൂസ്റ്റർ ഡോസ് ആവിശ്യമുള്ളവരടക്കം എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബഹ്റൈനിൽ കോവിഡ് കേസുകളിൽ കുറവ് വന്നതിനെ തുടർന്ന് ജൂലൈ 2 വരെ തുടർന്ന് വന്നിരുന്ന ഭാഗിക നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതായി ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ചിരുന്നു . കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ ട്രാഫിക് ലൈറ്റ് മാതൃകയിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പരിഗണിച്ച് ജൂലൈ 2 വെള്ളിയാഴ്ച മുതൽ യെല്ലോ വിഭാഗത്തിലെ നിയന്ത്രണങ്ങളോടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നിലവിൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് നാല് വിഭാഗത്തിലും തുറക്കാൻ അനുമതിയുണ്ട്.
12നും 17നുമിടയിൽ പ്രായമുള്ള 49 ശതമാനം പേർക്കും കോവിഡ് വാക്സിൻ നൽകാൻ സാധിച്ചതായി കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. ജമീല സൽമാൻ പറഞ്ഞു. വിവിധ പ്രായത്തിലുള്ളവർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരുന്നത് ശുഭസൂചകമാണ്. കോവിഡ് പ്രതിരോധിക്കുന്നതിൽ വാക്സിനേഷനുള്ള പങ്ക് വലുതാണെന്നും അവർ പറഞ്ഞു.
സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ആറുമാസത്തിന് ശേഷമുള്ള ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതായും അവർ ചൂണ്ടിക്കാട്ടി. പ്രായമായവർ ബൂസ്റ്റർ ഡോസ് എടുക്കുക വഴി അപകടം ഒഴിവാക്കാൻ സാധിക്കും. കോവിഡിൻറെ വകഭേദം കൂടുതൽ അപകടകരമാണെന്നും വേഗത്തിൽ വാക്സിനെടുക്കുക വഴി അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്നും അവർ പറഞ്ഞു.