മനാമ: ഫൈസർ, ആസ്ട്ര സെനക എന്നീ വാക്സിനുകൾ സ്വീകരിച്ച 60 കഴിഞ്ഞവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിനനുമതി നൽകി ദേശിയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഈ വാക്സിനുകൾ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാനാണ് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി നിർദേശം നൽകിയിരിക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഫൈസർ-ബയോ എൻടെക് വാക്സിനോ അല്ലങ്കിൽ നേരത്തെയെടുത്ത വാക്സിനോ ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു.
ബൂസ്റ്റർ ഡോസ് പ്രതിരോധശേഷി വർധിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടവരുടെ ബിവെയർ ആപ്പിന്റെ നിറം ഗ്രീൻ ഷീൽഡിന് പകരം യെല്ലോ ഷീൽഡായി മാറും. ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിനു ശേഷം ഇത് പച്ചയാകുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂസ്റ്റർ ഡോസിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച് ഉടൻ അറിയിപ്പുണ്ടാകുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു . healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയും ബിവെയർ ആപ് വഴിയും രജിസ്റ്റർ ചെയ്യാം.