മനാമ: ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതിൻറെ പ്രാധാന്യം എടുത്തുകാട്ടി ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ്. മെഡിക്കൽ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസർ-ബയോഎൻടെക് അല്ലെങ്കിൽ ആസ്ട്രാസെനെക്ക വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് പരമാവധി ആറുമാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകത ടാസ്‌ക്‌ഫോഴ്‌സ് വ്യക്തമാക്കിയത്.
രണ്ടാമത്തെ ഡോസിനെത്തുടർന്ന് ഏതാനും മാസങ്ങൾക്കിടെ ഫൈസർ-ബയോഎൻടെക് വാക്സിൻ ഫലപ്രാപ്തിയിൽ 88% ൽ നിന്ന് 74% വരെ കുറവുണ്ടായതായി ഒരു പഠനം വ്യക്തമാക്കുന്നുണ്ട്. അതേസമയം കൊവിഷീൽഡ്-ആസ്ട്രാസെനെക വാക്സിൻ ഫലപ്രാപ്തി 77% ൽ നിന്ന് 67% ആയി നാലിൽ നിന്ന് അഞ്ച് വരെ കുറഞ്ഞു.
രണ്ടാമത്തെ ഡോസ് എടുത്ത് മാസങ്ങൾക്ക് ശേഷം ഈ വാക്സിനുകൾ സ്വീകരിച്ച ഒരു ദശലക്ഷത്തിലധികം വ്യക്തികളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ബ്രിട്ടനിലെ ZOE കൊവിഡ് നടത്തിയ പഠനത്തിലും പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന സംരക്ഷണം 50% ൽ താഴെയായി കുറയുമെന്ന് കാണിക്കുന്നുണ്ട്.
ഒരു ബൂസ്റ്റർ ഡോസിന് ഫലപ്രാപ്തിയുടെ തോത് വർദ്ധിപ്പിക്കാനും കൊവിഡ് -19 നും അതിന്റെ വ്യതിയാനങ്ങൾക്കുമെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും അണുബാധയുണ്ടായാൽ മരണനിരക്ക് കുറയ്ക്കാനും കഴിയുമെന്ന് ടാസ്ക്ഫോഴ്സ് അഭിപ്രായപ്പെടുന്നു.
ഒക്ടോബർ 1 മുതലാണ് ബഹ്‌റൈനിൽ ഫൈസർ-ബയോഎൻടെക് അല്ലെങ്കിൽ ആസ്ട്രാസെനെക്ക വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നല്കിത്തുടങ്ങുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh വഴിയോ “BeAware” ആപ്ലിക്കേഷൻ വഴിയോ ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാം.