മനാമ: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട നടപടി ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്നും അത് ഉടനടി പിൻവലിക്കണമെന്നും കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വഖഫ് ബോര്ഡിലെ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം പി എസ് സി ക്കായി മാറ്റിയിട്ടില്ല. അതിന്റെ അധികാരം സ്വയം ഭരണ സ്ഥാപനമെന്ന നിലക്ക് വഖഫ് ബോര്ഡിന് തന്നെയാണെന്നിരിക്കെ കേരളത്തിൽ മാത്രം പി എസ് സി ക്ക് വിട്ടുകൊടുക്കേണ്ടുന്ന സാഹചര്യം ഇല്ല. എന്നാൽ കേരള ഭരണ കൂടം മുസ്ലിംകളാദി പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളിൽ കൈ വെച്ചു കൊണ്ട് വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിടാനുള്ള തീരുമാനം വളരെ പൈശാചികവും നിരുത്തരപാതപരവുമാണെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു. അതു കൊണ്ട് തന്നെ അത് തിരുത്തപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
150 ഇൽ താഴെ മാത്രം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനം പി എസ് സി ക്ക് വിടാനും, ആയിരകണക്കിന് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വിടാതിരിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല.
കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണത കേരളത്തിൽ കൂടി തുടരുന്നതിന്റെ ഭാഗമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾ കാലങ്ങളായി നേടിയെടുത്ത അവകാശങ്ങൾ ഒരോന്നായി വെട്ടി ചുരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനെതിരെ നടക്കുന്ന സമരങ്ങൾക്ക് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.