bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് പുറത്തിറക്കി

New Project - 2022-11-12T014414.231

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് ഇന്നലെ ഇസ ടൗണിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മേളയുടെ സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ഷാനവാസിന് നൽകി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ടിക്കറ്റ് പ്രകാശനം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി എന്നിവരും ക്ഷണിക്കപ്പെട്ട അതിഥികളും സംഘാടക സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ സ്വാഗതം പറഞ്ഞു.

നവംബർ 23,24, 25 തീയതികളിൽ സ്‌കൂൾ കാമ്പസിൽ മെഗാ ഫെയറും ഫുഡ് ഫെസ്റ്റിവലും നടക്കും. സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനമാണ് ആദ്യ ദിനത്തിൽ അരങ്ങേറുക. ദക്ഷിണേന്ത്യൻ പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോൻ, മൃദുല വാര്യർ എന്നിവർ നയിക്കുന്ന സംഗീത പരിപാടികൾ നവംബർ 24 നും ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീത പരിപാടി 25നും നടക്കും.

മെഗാ മേളയുടെ വിജയത്തിനായി വിപുലമായ പരിപാടികളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. മഹത്തായ ഉദ്യമത്തിന് പിന്തുണയേകി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനങ്ങളും ഭക്ഷ്യമേളയും ആർട്ട് എക്സിബിഷനുകളും മേളയുടെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.മേളയിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രധാനമായും ഉപയോഗിക്കുന്നത് സ്‌കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്.സാമ്പത്തിക ഞെരുക്കം നേരിടുന്ന നിരവധി വിദ്യാർത്ഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്. സാമ്പത്തികമായി ദുർബലരായ വിദ്യാർത്ഥികളെ അവരുടെ പഠനം തുടരാൻ സഹായിക്കേണ്ടത് സ്കൂളിന്റെ കടമയാണെന്ന് ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി വിശ്വസിക്കുന്നു.

മേളയിൽ നിന്ന് ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകുന്നതിനും മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കും സ്‌കൂളിന്റെ സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്ന് ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ചടങ്ങിൽ നന്ദി പറഞ്ഞു. മെഗാ ഫെയറിലേക്കുള്ള പ്രവേശന ഫീസ് രണ്ടു ദിനാറാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!