മനാമ: സ്‌ത്രീകൾ തങ്ങളുടെ കഴിവുകളെക്കുറിച്ച് ബോധവതികളാവുകയും തിരിച്ചറിവിലൂടെ കൂടുതൽ കരുത്തരാകുകയും ചെയ്യണമെന്ന് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ഭാരവാഹികൾപറഞ്ഞു . ലോകവനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അവർ ഈ കാര്യം പറഞ്ഞത്.
സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ ഓർമ്മകളുമായാണ് ഓരോ വനിതാ ദിനവും കടന്നു വരുന്നത്. ലോകം ഒരുപാട് മുന്നോട്ട് പോയി. സ്ത്രീകളുടെ ജീവിതത്തിലും പരിവർത്തനങ്ങൾ ഉണ്ടായി. ആണിന് മാത്രമെന്ന് പറഞ്ഞു വെച്ച പല മേഖലകളിലും ഇതിനകം പെണ്ണ് വിജയക്കൊടി പാറിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും സ്ത്രീകൾ ഏറെ മുന്നേറിയിട്ടുണ്ട്. എങ്കിലും പല മേഖലകളിലും ഇന്നും അവർ വിവിധങ്ങളായ പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. ഇന്നും പലയിടങ്ങളിലും ഒരു സ്ത്രീക്ക് ഒറ്റക്ക് സഞ്ചരിക്കാൻ പറ്റുന്ന സാമൂഹിക അന്തരീക്ഷം ഇല്ല എന്നതാണ് വസ്തുത.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഉറക്കെ സംസാരിക്കുന്ന ലോക ഘടനയാണിന്ന്. എന്നാല്‍ പോലും അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടതും അവകാശമുള്ളതുമായ മേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യവും പ്രസക്തമാണ്. വനിതാ ദിനം കേവലം അവരെ ഓര്‍ക്കാന്‍ വേണ്ടിയുള്ള ഒരു ദിനമായിട്ടല്ല ആചരിക്കേണ്ടത്. മറിച്ച്, മാറ്റങ്ങളുടെ ചാലക ശക്തികളായി സ്വയം ഉയരാനും വളരാനുമുള്ള പ്രതിജ്ഞയെടുക്കാന്‍ സാധിക്കണം. എന്നാല്‍ നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. സംരക്ഷകരാവേണ്ടവര്‍ തന്നെ പ്രതികളാവുകയും ശിക്ഷകളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു. ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസവും, നിയമങ്ങളിലെ പഴുതുകളും ഇളവുകളും അക്രമങ്ങളുടെ നിരക്ക് ക്രമാതീതമായി വര്‍ധിപ്പിക്കുന്നു.ആത്മ പ്രതിരോധത്തിന്‍്റെ കവചം തീര്‍ത്ത് ആത്മാഭി മാനത്തോടെ മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. ശാരീരികവും മാനസികവുമായ ശാക്തീകരണം സാധ്യമാക്കാനും തൊഴിലിടങ്ങളിലെ അസമത്വം ഇല്ലാതാക്കാനും, വിവേചനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും കൂട്ടായ പോരാട്ടം അനിവാര്യമാണ്.
വീട്ടിലായാലും, പൊതുസമൂഹത്തിലായാലും പെണ്‍കുട്ടികളും, സ്ത്രീകളും ബഹുമാനവും ആദരവും അര്‍ഹിക്കുന്നവരുമാണ്. മേല്‍ക്കോയ്മയല്ല, തുല്യതയും നീതിയും അവകാശമാണെന്നത് സ്ത്രീകള്‍ തന്നെ തിരിച്ചറിയേണ്ടതാണ്. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങളായി ചുരുങ്ങാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം. ആൺ – പെൺ സമത്വത്വം എന്നതിനപ്പുറം ആണിനും പെണ്ണിനും തുല്യനീതി എന്നതിലേക്ക് നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു. പുതിയൊരു ചരിത്രം രചിക്കാൻ ഓരോ സ്ത്രീകൾക്കും സാധിക്കട്ടെ എന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും വനിതാ ദിനാശംസകളും ഫ്രണ്ട്‌സ് വനിതാ വിഭാഗം നേതാക്കൾ നേര്‍ന്നു.