മനാമ: വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തെ കുറിച്ച് ചർച്ച ചെയ്യാനുമായി ബഹ്‌റൈൻ മീഡിയ സിറ്റിയിൽ യോഗം ചേർന്നു. മീഡിയ സിറ്റിയുടെ ചെയർമാൻ ഫ്രാൻസ് കൈതാരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഎംസി ശ്രാവണ മഹോത്സവം കമ്മിറ്റി ചെയർമാൻ ഇ.വി രാജീവൻ, പ്രതിഭാ ജനറൽ സെക്രട്ടറി മിജോഷ്, സംസ്കൃതി പ്രസിഡൻറ് സുരേഷ്, ഓ.ഐ.സി.സി പ്രതിനിധി ജേക്കബ് തെക്കൻതോട്, പിഎൽസി പ്രസിഡൻറ് സുധീർ തിരുനിലത്ത് തുടങ്ങിയവർ വിഷയത്തെ സംബന്ധിച്ച് ആധികാരികമായി സംസാരിച്ചു.
തുടർന്ന് നടന്ന പ്രാർത്ഥനയ്ക്കും, വയനാട് ദുരന്തത്തെ കുറിച്ചുള്ള വീഡിയോ പ്രദർശനത്തിനും ശേഷം ദുരന്തത്തിൽ ഭവനരഹിതരായവർക്ക് ഒന്നോ അതിലധികമോ വീടുകൾ നിർമ്മിച്ചു നൽകുന്നതിന് മുൻകൈയെടുക്കുമെന്ന് മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പ്രഖ്യാപിച്ചു. ബിഎംസി ശ്രാവണ മഹോത്സവത്തിന്റെ ആഡംബര ചെലവുകൾ വെട്ടിക്കുറച്ചും, യോഗത്തിൽ പങ്കെടുത്തവരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയും ആയിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു. വിവിധ കൂട്ടായ്മകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് പങ്കെടുത്ത അംഗങ്ങളും ബിഎംസി കുടുംബാംഗങ്ങളും പ്രസ്തുത ഭവന നിർമ്മാണ പദ്ധതിക്ക് സർവ്വവിധ പിന്തുണയും പ്രഖ്യാപിച്ചു. രാജേഷ് പെരുങ്കഴി സ്വാഗതവും, റിജോയ് മാത്യു നന്ദിയും പറഞ്ഞു.