ഹരിതവൽക്കരണ ദൗത്യവുമായി ഇന്ത്യൻ സ്‌കൂൾ റിഫ ക്യാമ്പസ്

മനാമ: പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. റിഫ ലയൺസ് ക്ലബുമായി സഹകരിച്ചായിരുന്നു പരിസ്ഥിതി ദിനാഘോഷം. ബുധനാഴ്ച കാമ്പസിൽ നടന്ന പരിപാടിയിൽ 30 വൃക്ഷ തൈകൾ സ്‌കൂൾ പരിസരത്തു നട്ടുപിടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുഷീദ് ആലം, അജയകൃഷ്ണൻ വി, ലയൺസ് ക്ലബ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ലയൺസ് ക്ലബ് അംഗങ്ങൾ, പ്രീഫെക്ട്സ് കൗൺസിൽ ടീം അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. വൃക്ഷ തൈകൾ, വളം എന്നിവ ലയൺസ് ക്ലബ്ബാണ് സംഭാവന നൽകിയത്.

ഹരിത വൽക്കരണ പദ്ധതികളിൽ പങ്കെടുത്ത കുട്ടികളെ ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഖുഷീദ് ആലം അഭിനന്ദിച്ചു. പരിപാടിയുടെ വിജയത്തിന് നേതൃത്വം വഹിച്ച സ്പോൺസർമാരെയും വിദ്യാർത്ഥികളെയും അധ്യാപകരെയും സ്‌കൂൾ എക്സിക്യൂട്ടീവ് അംഗം അജയകൃഷ്ണൻ നന്ദി അറിയിച്ചു. പരിസ്ഥിതി ബോധവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോജക്ടുകളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നു ലയൺസ് ക്ലബ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത പറഞ്ഞു. സ്കൂളിലെ ഇക്കോ അംബാസഡർ മീനാക്ഷി ദീപക് ഹരിതവൽക്കരണ സന്ദേശം നൽകി. ആവേശഭരിതരായ വിദ്യാർത്ഥികൾ വൃക്ഷതൈകൾ പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ നട്ടുനനച്ചു. പരിസ്ഥിതി സംരക്ഷണ പരിപാടികളിൽ സജീവമായ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പമേല സേവ്യർ അഭിനന്ദിച്ചു.