small icons
small icons

പള്ളി എന്ന് തെറ്റിദ്ധരിച്ച് വീട്ടില്‍ കയറിയ ആള്‍ക്ക് ഉടമയുടെ മര്‍ദ്ദനം; കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു

slap

മനാമ: പള്ളി എന്ന് തെറ്റിദ്ധരിച്ച് സ്വകാര്യ വീട്ടില്‍ കയറിയ ആള്‍ക്ക് വീട്ടുടമയുടെ മര്‍ദ്ദനമേറ്റു. കരണത്തേറ്റ അടിയെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ചെവിയിലെ കര്‍ണ്ണപടം തകരുകയും കേള്‍വിശക്തിക്ക് വലിയ തോതില്‍ തകരാര്‍ സംഭവിക്കുകയും ചെയ്തു.

വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. പ്രതിയുടെ അടിയേറ്റാണ് പരാതിക്കാരന്റെ കര്‍ണ്ണപടം തകര്‍ന്നതെന്ന് കണ്ടെത്തിയ കോടതി, പ്രതിക്ക് ഒരു വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷയായി വിധിച്ചു. മര്‍ദ്ദനമേറ്റ വ്യക്തിക്ക് ഇടതു ചെവിയില്‍ ദീര്‍ഘകാലത്തേക്ക് കേള്‍വി പരിമിതപ്പെടുകയും ഏഴ് ശതമാനം വൈകല്യം സംഭവിക്കുകയും ചെയ്തു. പരിക്കുകള്‍ ഇതുവരെ ഭേദമായിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ രക്തപരിശോധന കഴിഞ്ഞ് മടങ്ങിയ 62 വയസ്സുകാരനായ ബഹ്റൈന്‍ പൗരനാണ് മര്‍ദ്ദനമേറ്റത്. രക്തപരിശോധനയ്ക്കിടയില്‍ ഉച്ചനമസ്‌കാരം കൃത്യസമയത്ത് നിര്‍വഹിക്കാന്‍ കഴിയാതിരുന്ന അദ്ദേഹം, നമസ്‌കരിക്കാനായി സല്‍മാനിയ പ്രദേശത്ത് ഒരു പള്ളി അന്വേഷിച്ചു നടക്കുകയായിരുന്നു.

കെട്ടിടത്തിന്റെ പുറംഭാഗത്ത് മതപരമായ അലങ്കാരങ്ങള്‍ കണ്ടതിനാല്‍ അത് പള്ളിയാണെന്ന് കരുതി താന്‍ അകത്തുകയറാന്‍ ശ്രമിച്ചതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ മുന്‍വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് അത് ഒരു വീടാണെന്ന് ഇദ്ദേഹത്തിന് മനസ്സിലായത്. ഈ സമയം പ്രതി പുറകെ ഓടിയെത്തുകയും പുറത്തുപോകാന്‍ ആക്രോശിച്ചുകൊണ്ട് ഇടതുകരണത്ത് അടിക്കുകയുമായിരുന്നു.

അതേസമയം, ഇരയെ ആക്രമിച്ച കാര്യം പ്രതി നിഷേധിച്ചു. താന്‍ വയോധികനാണെന്നും തനിക്കെതിരെ ഇതുവരെ മറ്റ് കേസുകളൊന്നുമില്ലെന്നും വീടിന്റെ സ്വകാര്യത സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതി കോടതിയില്‍ വാദിച്ചു. അന്ന് വീടിന്റെ വാതില്‍ പൂട്ടാന്‍ മറന്നുപോയെന്നും, മതപരമായ ചിഹ്നങ്ങള്‍ കൊണ്ട് അലങ്കരിച്ച പഴയ വീടാണിതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് തെറ്റ് പറ്റിയതാണെന്ന് മനസ്സിലാക്കി ഉടന്‍ തന്നെ മാപ്പ് ചോദിച്ചതായും എന്നാല്‍ തന്നെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്നും 62-കാരന്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം ചെവിയില്‍ ശക്തമായ വേദനയും മുഴക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അന്നുരാത്രി തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി. പരിശോധനയിലാണ് കര്‍ണ്ണപടം തകര്‍ന്നതായി വ്യക്തമായത്.

ആളുകളില്ലാത്ത വീടിനെ പള്ളിയാണെന്ന് എങ്ങനെ തെറ്റിദ്ധരിച്ചു എന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന്, നമസ്‌കാര സമയം കഴിഞ്ഞിരുന്നതിനാല്‍ പള്ളിയില്‍ ആളുണ്ടാകില്ല എന്നാണ് താന്‍ കരുതിയതെന്ന് അദ്ദേഹം മറുപടി നല്‍കി. സംഭവം നടന്ന് നാല് മാസത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഡോക്ടര്‍ ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്ന് കണ്ടെത്തി. ബഹ്റൈന്‍ നിയമപ്രകാരം, ഒരു പരിക്ക് ഭേദമാകാന്‍ 21 ദിവസത്തിലധികം സമയമെടുത്താല്‍ അത് ശാശ്വതമോ ദീര്‍ഘകാലമോ ആയ പരിക്കായി കണക്കാക്കപ്പെടും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!