മനാമ: 2026 ജനുവരി മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കൈകാര്യം ചെയ്തത് 113 കേസുകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള ‘ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ്’ പുറത്തുവിട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഡിജിറ്റല്‍ ലോകത്തെ കുറ്റകൃത്യങ്ങളുടെ രീതികളില്‍ അടുത്തിടെ വലിയ മാറ്റങ്ങളും വൈവിധ്യവും പ്രകടമാണെന്ന് യൂണിറ്റ് ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ പുതിയ രീതികള്‍ അവലംബിക്കുന്നത് കണക്കിലെടുത്ത്, മികച്ച സുരക്ഷാ-നിയമ സംവിധാനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ സജ്ജമാകേണ്ടതിന്റെ പ്രാധാന്യവും അധികൃതര്‍ ഊന്നിപ്പറഞ്ഞു.
ഡിജിറ്റല്‍ ലോകത്തെ അപകടങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തിവരികയാണെന്ന് യൂണിറ്റ് അറിയിച്ചു. ഇതിലൂടെ പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും സൈബര്‍ സുരക്ഷ ഉറപ്പാക്കാനും സാധിക്കുന്നു.
ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026-ലേക്കായി തയ്യാറാക്കിയ സമഗ്രമായ പ്രവര്‍ത്തന പദ്ധതിയിലൂടെ സ്ഥാപനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനും പുതിയ വെല്ലുവിളികളെ നേരിടാനും കുട്ടികള്‍ക്ക് സുരക്ഷിതമായ ഇന്റര്‍നെറ്റ് സാഹചര്യം ഒരുക്കാനും യൂണിറ്റ് ലക്ഷ്യമിടുന്നു.









