മനാമ: ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ഏപ്രിൽ 24 വെള്ളിയാഴ്ച രാത്രി 8.30-ന് സെന്റ് പോൾസ് മാർത്തോമ്മ പാരീഷ് ഹാളിലായിരുന്നു പ്രദർശനം. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രാധാന്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ യുവജനസഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് സ്വാഗതം ആശംസിച്ചു.
ഇടവക വികാരി റവ. അനീഷ് സാമുവൽ ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വായന വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കുമെന്നും സമൂഹത്തിൽ വായനാശീലം വളർത്തിയെടുക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഇടവകയിലെ ലൈബ്രറി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ യുവാക്കളും മുതിർന്നവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇടവകയിലെ മുതിർന്ന അംഗങ്ങളുടെയും യുവജനങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ലോകസാഹിത്യത്തിലെയും ആത്മീയ ചിന്തകളിലെയും പ്രമുഖ കൃതികൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. യുവജനസഖ്യം ലൈബ്രേറിയൻ അനീഷ് സി. മാത്യു ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.









