മനാമ: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടുംബവൈരാഗ്യം തീര്‍ക്കാന്‍ പാകിസ്താനില്‍ നിന്നും ബഹ്റൈനിലെത്തി മറ്റൊരു പാകിസ്താനിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 25 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങളുടെ ബന്ധു കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് 25-ഉം 28-ഉം വയസ്സുള്ള പ്രതികള്‍ ഈ ക്രൂരകൃത്യം ചെയ്തത്. ഇരയായ വസീഫ് അഹമ്മദിന്റെ സഹോദരനെ ഗ്രീസില്‍ വെച്ച് കൊലപ്പെടുത്തിയതായും പ്രതികള്‍ സമ്മതിച്ചു.
വസീഫ് അഹമ്മദ് ബന്ധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. എന്നാല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും മറുഭാഗം അദ്ദേഹത്തെ വെറുതെ വിട്ടില്ല. ജീവന് ഭീഷണിയുണ്ടായിരുന്നതിനാലാണ് വസീഫ് തന്റെ സഹോദരനോടൊപ്പം താമസിക്കാന്‍ ബഹ്റൈനിലെത്തിയത്. എന്നാല്‍ പ്രതികള്‍ ആറ് ആഴ്ചയോളം ഇയാളെ രഹസ്യമായി പിന്തുടര്ന്നു. അദ്ദേഹം ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയില്‍ പോയപ്പോള്‍ പോലും പ്രതികള്‍ പിന്നാലെയുണ്ടായിരുന്നു.
ഡിസംബര്‍ 28-ന് ബുദയ്യയിലെ ഒരു ഇടവഴിയില്‍ വെച്ച് പ്രതികള്‍ വസീഫിനെ വളയുകയും മൂര്‍ച്ചയേറിയ കത്തികള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം കിംഗ് ഫഹദ് കോസ്വേ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി.
കൊല്ലപ്പെട്ട വസീഫിന്റെ ശരീരത്തില്‍ തലയിലും നെഞ്ചിലും പുറത്തും കൈകാലുകളിലുമായി നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരു ഈജിപ്ഷ്യന്‍ യുവാവിന്റെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിലവിളി കേട്ട് നോക്കിയപ്പോള്‍ രണ്ട് പേര് ചേര്‍ന്ന് വസീഫിനെ ആക്രമിക്കുന്നത് കണ്ടുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. ഇതൊരു വെറും കൊലപാതകമല്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടത്തിയ ഒരു ‘വധശിക്ഷ’ ആണെന്നുമാണ് പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ വിശേഷിപ്പിച്ചത്.









