small icons
small icons

ബഹ്‌റൈൻ കേരളീയ സമാജത്തിൽ രണ്ട് പ്രമുഖ നാടകങ്ങൾ അരങ്ങിലേക്ക്; ‘ഊരുഭംഗം’, ‘സൗപർണ്ണിക’ പോസ്റ്ററുകൾ പ്രകാശനം ചെയ്തു

New Project (2)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം (BKS) സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ഈ മാസം അരങ്ങേറുന്ന ‘ഊരുഭംഗം’, ‘സൗപര്‍ണ്ണിക’ എന്നീ നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ചേർന്ന് നിർവ്വഹിച്ചു. ജൂൺ 16, 26 തീയതികളിലാണ് നാടകപ്രേമികൾ കാത്തിരിക്കുന്ന ഈ രണ്ട് വ്യത്യസ്ത ദൃശ്യവിരുന്നുകൾ സമാജം വേദിയിൽ അരങ്ങേറുന്നത്.

ആദ്യ നാടകം: ‘ഊരുഭംഗം’ (ജൂൺ 16) മഹാകവി ഭാസൻ രചിച്ച വിഖ്യാതമായ സംസ്‌കൃത നാടകം ‘ഊരുഭംഗം’ ജൂൺ 16 ചൊവ്വാഴ്ച രാത്രി 8.30-ന് ബി.കെ.എസ് ഡി.ജെ (DJ) ഹാളിൽ വേദിയിലെത്തും. മഹാഭാരത യുദ്ധത്തിന്റെ അവസാന നാളുകളിൽ ഭീമനും ദുര്യോധനനും തമ്മിൽ നടക്കുന്ന കടുത്ത ഗദായുദ്ധവും, തുടർന്ന് ദുര്യോധനന്റെ തുട തകർക്കപ്പെടുന്നതുമാണ് (ഊരുഭംഗം) ഇതിന്റെ പ്രമേയം. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത സംവിധായകനുമായ വിഷ്ണു നാടകാഗ്രാമമാണ് ഈ നാടകം സംവിധാനം ചെയ്യുന്നത്. സമാജം ഡിജെ ഹാളിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ, കാണികൾക്ക് ചുറ്റുമിരുന്ന് കാണാവുന്ന ‘അരേന തിയറ്റർ’ (Arena Theatre) സങ്കേതത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. ബഹ്‌റൈനിലെ മികച്ച അഭിനേതാക്കളെ അണിനിരത്തി, സംഗീതവും നൃത്തവും ഇഴകലർത്തിയാണ് ‘ഊരുഭംഗം’ അണിയിച്ചൊരുക്കുന്നത്.

രണ്ടാം നാടകം: ‘സൗപർണ്ണിക’ (ജൂൺ 26) മലയാള നാടക സാഹിത്യത്തിലെ ക്ലാസിക് കൃതിയായ നരേന്ദ്രപ്രസാദിന്റെ ‘സൗപര്‍ണ്ണിക’ ജൂൺ 26 വെള്ളിയാഴ്ച രാത്രി 8.30-ന് സമാജം പ്രധാന വേദിയിൽ അരങ്ങേറും. മിത്തുകളും യാഥാർത്ഥ്യങ്ങളും സമർത്ഥമായി ചേർത്തുവെച്ച്, യക്ഷിക്കഥകളുടെയും ശാപങ്ങളുടെയും പുനർജന്മങ്ങളുടെയും ഒരു മാന്ത്രിക അന്തരീക്ഷമാണ് ഈ നാടകം സമ്മാനിക്കുന്നത്. ആഴമുള്ള അവതരണശൈലിയും തത്വചിന്താപരമായ സംഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ കൃതി 1985-ലെ കേരള സാഹിത്യ അക്കാദമി – സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സന്ധ്യ ജയരാജാണ് ബഹ്‌റൈൻ വേദിയിൽ ‘സൗപര്‍ണ്ണിക’ സംവിധാനം ചെയ്യുന്നത്.

ബഹ്‌റൈനിലെ പ്രവാസികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നായി മാറുന്ന ഈ രണ്ട് നാടകങ്ങളും കാണുവാൻ എല്ലാ നാടകപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!