small icons
small icons

കൊല്ലം പ്രവാസി അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Project (25)

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ പ്രമുഖ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (KPA) 2024-2026 പ്രവർത്തന കാലയളവിന്റെ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ജില്ലാ സമ്മേളനം പ്രൗഢ ഗംഭീരമായി നടന്നു. രാജ്യത്തെ പത്ത് ഏരിയ സമ്മേളനങ്ങൾക്ക് ശേഷമാണ് പ്രതിനിധികളെ അണിനിരത്തിക്കൊണ്ടുള്ള വിപുലമായ ജില്ലാ സമ്മേളനം കെ.സി.എ (KCA) ഹാൾ സമ്മേളന നഗരിയിൽ വെച്ച് അരങ്ങേറിയത്.

വിവിധ ഏരിയകളിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, നിലവിലെ സി.സി, എസ്.സി അംഗങ്ങൾ, വനിതാ വിഭാഗമായ ‘പ്രവാസിശ്രീ’ പ്രതിനിധികൾ ഉൾപ്പെടെ നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം കെ.പി.എ-യുടെ ശക്തമായ സംഘടനാ സംവിധാനത്തിന്റെ നേർച്ചിത്രമായി മാറി. പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് സമ്മേളനം ക്രമീകരിച്ചിരുന്നത്. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

പൊതുയോഗവും റിപ്പോർട്ട് അവതരണവും: കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്‌ഘാടനം നിർവഹിച്ച ആദ്യ സെഷനിൽ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനോജ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ, പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ചേർത്തുപിടിച്ച ബഹ്‌റൈൻ ഭരണാധികാരികൾക്കും ഭരണകൂടത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ജില്ലാ കമ്മിറ്റി പാസാക്കി. കഴിഞ്ഞ പ്രവർത്തന കാലയളവിൽ അന്തരിച്ച വിവിധ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെയും പ്രവാസികളുടെയും അനുസ്മരണ പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു.

തുടർന്ന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ 2024-26 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി അനിൽ കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അംഗങ്ങൾ നിർദ്ദേശിച്ച ഭേദഗതികളോടെ ഇരു റിപ്പോർട്ടുകളും യോഗം പാസ്സാക്കി. വനിതാ വിഭാഗമായ പ്രവാസി ശ്രീയുടെ പ്രവർത്തന റിപ്പോർട്ട് ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ അവതരിപ്പിച്ചു. കാലാവധി പൂർത്തിയാക്കിയ ഏരിയ പ്രതിനിധികളെയും സെൻട്രൽ കമ്മിറ്റി അംഗങ്ങളെയും ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.

പ്രതിനിധി സമ്മേളനവും ഭരണഘടനാ ചർച്ചയും: തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ റിഫ, മനാമ, സൽമാനിയ, സൽമാബാദ്, സിത്ര, ഹിദ്ദ്, മുഹറഖ്, ഗുദൈബിയ, ഹമദ് ടൗൺ, ബുദൈയ എന്നീ 10 ഏരിയ സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്റ് അനോജ് മാസ്റ്ററുടെ നേതൃത്വത്തിൽ കെ.പി.എ ഭരണഘടനാ ചർച്ചയും സി.സി നിർദ്ദേശിച്ച ഭരണഘടനാ ഭേദഗതികളും പ്രതിനിധി സമ്മേളനം ചർച്ച ചെയ്ത് പാസ്സാക്കി.

തുടർന്ന് ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിൽ പുതിയ സെക്രട്ടറിയേറ്റ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും വരണാധികാരികൾ അത് സമ്മേളനത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സംഘടനയുടെ രക്ഷാധികാരികളും ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തോടെയാണ് ആവേശകരമായ ജില്ലാ സമ്മേളനത്തിന് സമാപനമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!