മനാമ: ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച നവോത്ഥാന ആശയങ്ങൾക്ക് കാലാനുസൃതമായ തുടർച്ചകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം. ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈൻ സംഘടിപ്പിച്ച ‘ഗുരു ഓർമകൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങളെ കേവലം ചരിത്രസ്മരണകളിൽ ഒതുക്കാതെ, സമകാലിക സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പുതിയ മുന്നേറ്റങ്ങൾക്ക് രൂപം നൽകണം. സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരെ അറിവ്, വിദ്യാഭ്യാസം, സംഘടന, സാമൂഹിക ഇടപെടൽ എന്നിവ ഉയർത്തിപ്പിടിച്ചാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന് നേതൃത്വം നൽകിയത്. ഗുരുവിന്റെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ മാത്രമല്ല, ഓരോ കാലവും അഭിമുഖീകരിക്കുന്ന പുതിയ വെല്ലുവിളികളെയും നവോത്ഥാന കാഴ്ചപ്പാടിൽ അഭിസംബോധന ചെയ്യേണ്ടതുണ്ട്. മനുഷ്യനെ കേന്ദ്രമാക്കിയുള്ള ഗുരുദർശനം പുതിയ തലമുറയുടെ ചിന്തയിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമ്പോഴാണ് നവോത്ഥാനത്തിന്റെ തുടർച്ച യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യസമത്വം, വിദ്യാഭ്യാസം, സാമൂഹിക നീതി, സഹോദര്യം, മതസൗഹാർദം എന്നീ മൂല്യങ്ങൾക്ക് ഇന്നും ഏറെ പ്രാധാന്യമുണ്ടെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. ഗുരുവിനെ ഓർമിക്കുന്നതിന്റെ യഥാർഥ അർഥം അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വന്തം ജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും പ്രാവർത്തികമാക്കുന്നതിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിന് ഇത്തരം ആശയസംവാദങ്ങൾ ഏറെ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ റിഫ സോണൽ വൈസ് പ്രസിഡണ്ട് ഫസൽ റഹ്മാൻ സ്വാഗതവും മനാമ സോണൽ സെക്രട്ടറി അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു. അനസ് കാഞ്ഞിരപ്പള്ളി, മൊയ്തു തിരുവള്ളൂർ, അനിൽ ആറ്റിങ്ങൽ, അമീൻ ആറാട്ടുപുഴ തുടങ്ങിയവർ നേതൃത്വം നൽകി.









