മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളി കൂട്ടായ്മയായ ‘സിഎൻസി മീഡിയ’ തങ്ങളുടെ ആദ്യത്തെ ഓണാഘോഷം ഏറെ സവിശേഷവും വേറിട്ടതുമാക്കാൻ ഒരു ദൃശ്യ-സംഗീത പരീക്ഷണവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. തിരുവോണ നാളിൽ സംഗീതവും നൃത്തവും കോർത്തിണക്കി അതിമനോഹരമായ ഒരു ഓണപ്പാട്ടാണ് ഇവർ അണിയറയിൽ ഒരുക്കിയിരിക്കുന്നത്.
ശ്രീജിത്ത് ശ്രീകുമാർ രചന നിർവ്വഹിച്ച വരികൾക്ക് ഷിബിൻ പി. സിദ്ധിഖ് ഈണം പകർന്ന് ആലാപനം നിർവ്വഹിച്ചിരിക്കുന്നു. കഴിവുറ്റ ഒരു കൂട്ടം നർത്തകരെ അണിനിരത്തി ജ്യോതി മാസ്റ്ററുടെ നേതൃത്വത്തിലാണ് ആകർഷകമായ കൊറിയോഗ്രാഫി പൂർത്തിയാക്കിയത്.
ക്യാമറ കട്ട് ചെയ്യാതെ ഒറ്റ ടേക്കിൽ പൂർണ്ണമായും ‘സിംഗിൾ ഷോട്ടിൽ’ ചിത്രീകരിച്ചു എന്നതാണ് ഈ ഓണപ്പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാരീസ് ഇക്കാച്ചു ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സാങ്കേതികമായി ഏറെ പ്രയാസകരമായ ഈ ദൃശ്യാവിഷ്കാരം ഏറെ കഠിനാധ്വാനത്തോടെയാണ് ബഹ്‌റൈനിലെ ഈ പ്രവാസി കൂട്ടായ്മ പൂർത്തിയാക്കിയത്.
വീഡിയോ കാണാം: https://www.instagram.com/reel/DcalUvGIRLo/?igsi=MTQyaHQxc3JieWppag==
രഞ്ജു റാൻഷ്, അസർ സിയ, ഗ്രീഷ്മ, ഷൈമ, അഷിത ഹാരിസ്, വിദ്യ വൈശാഖ്, വൈശാഖ്, പ്രേംജി, ജുനൈബ്, ശാലിനി, അനീഷ്, നിജ, ശ്രീജിൻ, ഇമ, പ്രസാദ്, നിവേദ്യ, നിഹാര, അശ്വതി, ഫാസിൽ, ശ്രീജിത്ത് ശ്രീകുമാർ, ശ്രീലക്ഷ്മി, ഹൈസാൻ അമൻ, ഹൈസ അമാൽ, ദേവനക്ഷത്ര, ഷിബിന, നിത്യ, അച്ചു എസ് കുമാർ, കാർത്തികേയൻ എന്നിവരടക്കം അമ്പതോളം കലാകാരന്മാരും കലാകാരികളുമാണ് ഈ വീഡിയോയുടെ ഭാഗമായി അണിനിരന്നിട്ടുള്ളത്.
ബഹ്‌റൈനിലെ മുഴുവൻ പ്രവാസി മലയാളി സുഹൃത്തുക്കളും തങ്ങളുടെ ഈ കൊച്ചു ശ്രമത്തെ കണ്ടു പ്രോത്സാഹിപ്പിക്കണമെന്ന് സിഎൻസി മീഡിയ പ്രവർത്തകർ അഭ്യർത്ഥിച്ചു. ഒപ്പം എല്ലാ പ്രവാസികൾക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകളും ഇവർ നേർന്നു.









