മനാമ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടങ്ങൾ നേരിട്ട ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാളിന് ബഹ്റൈൻ രാജ്യം അനുശോചനവും പൂർണ്ണ ഐക്യദാർഢ്യവും അറിയിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്.
പ്രകൃതിദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിയുകയും ആളുകളെ കാണാതാവുകയും വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതിൽ മന്ത്രാലയം ദുഃഖം രേഖപ്പെടുത്തി.
നേപ്പാൾ സർക്കാരിനും ജനങ്ങൾക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബഹ്റൈന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും മന്ത്രാലയം സന്ദേശത്തിൽ ആശംസിച്ചു.









