മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഭരണസമിതി നവംബർ 25 വെള്ളിയാഴ്ച വിളിച്ചുചേർത്തിരിക്കുന്ന അസാധാരണ ജനറൽ ബോഡി (EGM) യോഗത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും, സ്കൂളിന്റെ കമ്മ്യൂണിറ്റി പദവി ഇല്ലാതാക്കി സ്വകാര്യവൽക്കരിക്കാനുള്ള രഹസ്യ നീക്കമാണ് നടക്കുന്നതെന്നും യുണൈറ്റഡ് പേരന്റ്സ് പാനൽ (UPP) ആരോപിച്ചു. സ്കൂളിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ പോരാടാൻ മുഴുവൻ രക്ഷിതാക്കളും പൊതുസമൂഹവും വെള്ളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കണമെന്ന് യു.പി.പി പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
നിലവിലുള്ള സ്കൂൾ നിയമാവലി പ്രകാരം കുറഞ്ഞത് 10 ദിവസം മുമ്പ് രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകണമെന്നിരിക്കെ, കേവലം 7 ദിവസത്തെ ഇടവേളയിൽ യോഗം വിളിച്ചത് ചട്ടലംഘനമാണെന്ന് യു.പി.പി ചൂണ്ടിക്കാട്ടി. നവംബറിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, കാലാവധി കഴിയാൻ ഒരു മാസം മാത്രം ബാക്കിയുള്ള ഭരണസമിതി ധൃതി പിടിച്ച് തങ്ങളുടെ പേരിൽ സ്കൂളിന്റെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (CR) മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് തികച്ചും സംശയസ്പദമാണ്.
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം തടഞ്ഞുവെക്കുന്ന ഭരണസമിതി, ഇപ്പോൾ പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതി തേടുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ട്. കൂടാതെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സ്റ്റാഫ് പ്രതിനിധി എന്ന പദവി ഇല്ലാതാക്കാനും നിയമാവലി ഭേദഗതി ചെയ്യാനുമുള്ള നീക്കങ്ങൾ അപലപനീയമാണെന്നും, തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും യു.പി.പി ഭാരവാഹികൾ കുറ്റപ്പെടുത്തി.









