മനാമ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവങ്ങളിലൊന്നായ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വാർഷിക യുവജനോത്സവം ‘തരംഗ് 2026’-ന്റെ (Tarang 2026) സ്റ്റേജ് മത്സരങ്ങൾക്ക് ഈസ ടൗൺ കാമ്പസിൽ പ്രൗഢഗംഭീരമായ തുടക്കമായി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു. നേഹ സാറ ഡിജു, തൻസിയ എൽസ സോൻസി എന്നിവരാണ് ഉദ്ഘാടനച്ചടങ്ങിന്റെ അവതാരകരായത്. ആദ്യ ദിനത്തിൽ നാടോടി നൃത്തം, സംഘഗാനം, പ്രസംഗം, മൈം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി വാശിപ്പേറിയ മത്സരങ്ങൾ അരങ്ങേറി.

120 സ്റ്റേജ് ഇനങ്ങളിലായി 4,000-ത്തിലധികം വിദ്യാർത്ഥികളും, സ്റ്റേജ് ഇതര മത്സരങ്ങളിൽ 7,000-ത്തിലധികം വിദ്യാർത്ഥികളും മാറ്റുരയ്ക്കുന്ന ഇത്തവണത്തെ തരംഗ് ചരിത്രപരമായ പങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഓക്ടോബർ 10 മുതൽ 13 വരെയുള്ള തീയതികളിൽ സ്റ്റേജ് മത്സരങ്ങൾ തുടരും. സമാപന ചടങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകൾക്ക് ‘കലാശ്രീ’, ‘കലാരത്ന’ പുരസ്കാരങ്ങളും ‘ഹൗസ് സ്റ്റാർ’, ‘ഗ്രൂപ്പ് ചാമ്പ്യൻ’, ‘ഹൗസ് ചാമ്പ്യൻ’ ട്രോഫികളും സമ്മാനിക്കും. ആയിരത്തോളം ട്രോഫികളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ സ്കൂൾ വികസിപ്പിച്ച പ്രത്യേക സോഫ്റ്റ്വെയറാണ് മത്സരങ്ങളുടെ സ്കോറിംഗിനായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുപോന്ന സ്റ്റേജ് ഇതര മത്സരങ്ങളിലൂടെയും ഉപന്യാസ രചനാ മത്സരങ്ങളിലൂടെയും തന്നെ ‘തരംഗ്’ വലിയ ആവേശമായി മാറിയിരുന്നു. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി.വി രാമൻ എന്നീ നാല് ഹൗസുകൾ തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് അവരുടെ വ്യക്തിത്വം വളർത്താനും തരംഗ് മികച്ച വേദിയൊരുക്കുന്നുവെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസും, സാംസ്കാരിക സൗഹാർദ്ദം വളർത്താൻ സഹായിക്കുന്നുവെന്ന് സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യനും, കുട്ടികളുടെ ഉയർന്ന പങ്കാളിത്തം അഭിനന്ദനാർഹമാണെന്ന് പ്രിൻസിപ്പൽ ശാന്ത കുമാർ ദസരിയും അഭിപ്രായപ്പെട്ടു.









