മനാമ: ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും കേന്ദ്ര പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്റൈൻ പ്രതിഭ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഭരണകൂട അധികാരം ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമം ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമാണെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒത്താശയോടെ വോട്ടർപട്ടികയിൽ വരുത്തിയ ക്രമക്കേടുകൾ, അർഹരായ വോട്ടർമാരെ ഒഴിവാക്കൽ തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ രാജ്യത്തുടനീളം വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും, ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്താൻ നോക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഭരണകൂടത്തോട് വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്തും പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയും ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. എതിർസ്വരങ്ങളെ കേൾക്കുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയുമാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത്. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പിന്തിരിപ്പിക്കാൻ ഇത്തരം നടപടികൾക്കാവില്ലെന്നും പ്രതിഭ ഭാരവാഹികൾ വ്യക്തമാക്കി.
ജന്തർ മന്തറിൽ നടന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റുകളെ കടുത്ത ഭാഷയിൽ അപലപിക്കുന്നതോടൊപ്പം, പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി. കെ. സുലേഷും പ്രസിഡന്റ് കെ. വി. മഹേഷും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.








