മനാമ: പ്രവാസി മലയാളികൾക്കിടയിൽ വിശുദ്ധ ഖുർആന്റെ മഹത്തായ സന്ദേശം പകർന്നുനൽകുന്നതിനും ഖുർആനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിനുമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ബഹ്റൈനിൽ വിപുലമായ പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20 വരെയാണ് കാമ്പയിൻ നടക്കുക എന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മനുഷ്യർക്കിടയിലെ ഉച്ചനീചത്വങ്ങളെ റദ്ദ് ചെയ്ത് വിശ്വമാനവികതയും മാനവസൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന ഖുർആൻ സന്ദേശം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ലക്ഷ്യബോധവും മൂല്യബോധവും കൈവരിക്കാനും, പ്രതിസന്ധികളെ മറികടന്ന് മനസ്സിന് ആശ്വാസം കണ്ടെത്താനും ഈ ദൈവിക ഗ്രന്ഥം സഹായിക്കുമെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
കാമ്പയിൻ വിശദീകരണ സംഗമത്തിൽ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജമാൽ നദ്വി പരിപാടികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാ വിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ എന്നിവർ സംസാരിച്ചു.
മനാമ, റിഫ, മുഹറഖ് കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം ഒക്ടോബർ 15, 16 തീയതികളിൽ റിഫ ദിശ സെന്റർ, സിഞ്ചിലെ ഫ്രൻഡ്സ് സെന്റർ, മുഹറഖ് കെ.എം.സി.സി ഹാൾ എന്നിവിടങ്ങളിലായി നടക്കും. സെമിനാറുകൾ, അയൽക്കൂട്ടങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, സൗഹൃദ സദസ്സുകൾ, ടീ ടോക്, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖ വിതരണം, ഖുർആൻ വായനാനുഭവങ്ങൾ, പ്രശ്നോത്തരി, റീൽസ് മത്സരങ്ങൾ, പ്രസംഗ ശിൽപശാല, വനിതാ സംഗമങ്ങൾ, സമാപന സമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും.
കാമ്പയിന്റെ വിജയത്തിനായി സുബൈർ എം.എം. (രക്ഷാധികാരി), ജമാൽ നദ്വി ഇരിങ്ങൽ (ജനറൽ കൺവീനർ), മുഹമ്മദ് ഷാജി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സിറാജ്, സമീർ ഹസൻ, സിറാജ് കീഴുപ്പള്ളിക്കര, ഗഫൂർ മൂക്കുതല, റഷീദ സുബൈർ തുടങ്ങി വിവിധ മേഖലകളിലെ കൺവീനർമാർ സ്വാഗതസംഘത്തിന് നേതൃത്വം നൽകും.








