മനാമ: ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ നന്മയുടെയും സൗഹൃദത്തിന്റെയും സന്ദേശമുയർത്തി പ്രവർത്തിക്കുന്ന ‘വീ ആർ വൺ കൂട്ടായ്മ’ മൂന്നാം വാർഷിക ആഘോഷവും ഫാമിലി മീറ്റപ്പും സംഘടിപ്പിച്ചു. സൽമാനിയ ബി.എം.സി ഹാളിൽ വെച്ച് നടന്ന ആഘോഷപരിപാടിയിൽ പ്രവാസി കുടുംബങ്ങളും കുട്ടികളുമടക്കം 300-ലധികം ആളുകൾ സംബന്ധിച്ചു.
ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ബി.എം.സി മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ദുബൈപ്പടിയും ഹന സനുബിയയും ചടങ്ങിന്റെ അവതാരകരായിരുന്നു. കൂട്ടായ്മയുടെ പുതിയ ഭാരവാഹികൾക്കും അംഗങ്ങൾക്കുമുള്ള മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.
തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും സദസ്സിന് വിരുന്നേകി. ഷഫീൽ യൂസഫ്, ഹക്കീം കണ്ണൂർ, റഫീഖ് തയ്യിൽ, നാസർ ഹലീമാസ്, ആഷിഖ് അൽ റബീഹ്, മുജൂസ് മുന്ന, അരുൺ ചന്ദ്രൻ, ആബിദ് താനൂർ, ഷിഹാബ്, അൻവർ ഷാ നീലഗിരി, മുഫീദ മുജീബ്, ഗീതു സതീഷ്, ഹൈറു റസാഖ്, റമീന നാസർ എന്നിവർ ആഘോഷ പരിപാടികൾ ഏകോപിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കുമായി വിഭവസമൃദ്ധമായ അത്താഴവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.









