small icons
small icons

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

New Project (23)

മനാമ: ബഹ്‌റൈനിൽ നിന്ന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഒരുകോടി പത്തുലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനിയായ യുവതിയും, ഇവർ കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ (സ്വർണം പൊട്ടിക്കാൻ) വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളും അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), സ്വർണം ഏറ്റുവാങ്ങാൻ എത്തിയ എറണാകുളം സ്വദേശി ഹർഷൽ, തട്ടിയെടുക്കാനെത്തിയ നാദാപുരം കല്ലാച്ചി സ്വദേശികളായ സയന്ത് (28), ബബിലേഷ് (40) എന്നിവരാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച (2 നവംബർ 2026) പുലർച്ചെ മൂന്ന് മണിയോടെ ബഹ്‌റൈനിൽ നിന്നുള്ള വിമാനത്തിലെത്തിയ അഭിരാമിയെ സ്വീകരിക്കാൻ ഹർഷൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ പാർക്കിംഗ് ഏരിയയിലേക്ക് നടന്നുപോകുന്നതിനിടെ ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമായെത്തിയ പത്തോളം വരുന്ന ക്വട്ടേഷൻ സംഘം ട്രോളി ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയും ഇരുവരുമായി പരസ്യമായി തെരുവിൽ ഏറ്റുമുട്ടുകയുമായിരുന്നു. സംശയം തോന്നി തടയാനെത്തിയ പൊലീസിനെയും സംഘം ആക്രമിച്ചു. ഹോം ഗാർഡ് മുരളീകൃഷ്ണനെ അക്രമികളിലൊരാൾ കടിച്ചുമുറിക്കുകയും, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥന്റെ മേൽ ഇന്നോവ കാർ കയറ്റി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതികളെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി. അഭിരാമിയുടെ ലഗേജിലെ എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 817 ഗ്രാം വരുന്ന 14 സ്വർണപ്പാളികളാണ് കണ്ടെടുത്തത്. താമരശ്ശേരി സ്വദേശി സ്വാലിഹ് ആണ് ബഹ്‌റൈനിൽ വെച്ച് തനിക്ക് സ്വർണം കൈമാറിയതെന്ന് അഭിരാമി മൊഴി നൽകി. കടത്തുകൂലിയായി ഹർഷൽ കൊണ്ടുവന്ന 67,000 രൂപയും ഇയാളുടെ ആൾട്ടോ കാറും പൊലീസ് പിടിച്ചെടുത്തു. അഭിരാമിയെയും ഹർഷലിനെയും സ്വർണവും സഹിതം കസ്റ്റംസിന് കൈമാറി. പിടിയിലായ കവർച്ചാ സംഘാംഗങ്ങൾ മുൻപും ബോംബ് നിർമ്മാണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!