ബഹ്‌റൈനിൽ ജോലി തേടിയെത്തിയ മലയാളി കുത്തേറ്റ് മരിച്ച സംഭവം; പ്രതിക്ക് പത്തു വർഷം തടവ്

മനാമ: ബഹ്‌റൈനിൽ ജോലി തേടിയെത്തിയ മലയാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയും റൂം മേറ്റും കൂടിയായ മലയാളിക്ക് പത്തു വർഷത്തെ തടവ് ശിക്ഷക്ക് വിധിയായി. ഹൈ ക്രിമിനൽ കോടതിയാണ് 38 വയസ്സുകാരനായ പ്രതിക്ക് ജയിൽ ശിക്ഷ വിധിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ കൊച്ചുവീട്ടിൽ മോഹൻദാസിൻറെ മകൻ ചിന്തു ദാസ് (30) ജോലി തേടി ബഹ്‌റൈനിൽ എത്തിയതിനിടെയായിരുന്നു കൊല ചെയ്യപ്പെട്ടത്. മുൻപ് ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന ചിന്തുദാസ് സേഫ്റ്റി എഞ്ചിനീയറായി ബഹറൈനിൽ തൊഴിൽ തേടിയെത്തി രണ്ടു മാസം തികയും മുൻപായിരുന്നു അന്ത്യം.

കഴിഞ്ഞ ജൂൺ 8 ന് സൽമാബാദിലുള്ള താമസ സ്ഥലത്തു വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടുക്കളയിൽ ഉപയോഗിച്ചിരുന്ന കത്തിക്കായിരുന്നു കൃത്യം. ‘ജോലി സംബന്ധമായ വാക്കു തർക്കത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ സംഭവിച്ചു പോയതാണെന്നും, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്താൽ ചെയ്തതല്ലെന്നും’ മലയാളിയും ചിന്തുവിൻറെ സുഹൃത്തുമായിരുന്ന പ്രതി പ്രോസിക്യൂഷന് മുൻപാകെ കുറ്റസമ്മതം നടത്തിയിരുന്നു.

മൃതദേഹത്തിൽ നടന്ന പരിശോധനയിൽ ഒന്നിലധികം തവണ കുത്തേറ്റതിന്റെ പാടുകൾ പോലീസ് കണ്ടെത്തിയിരുന്നു. ശ്വാസകോശത്തിന്റെ സമീപത്തായുണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണം. ബിജിയാണ് ചിന്തുവിൻറെ ഭാര്യ, ആറ് വയസും എട്ട് മാസവും പ്രായമായ രണ്ട് കുട്ടികളുണ്ട്.