ആദ്യ ബഹിരാകാശ യാത്രയ്‌ക്ക് ഒരുങ്ങി യു.എ.ഇ

ദുബായ്: യു.എ.ഇ.യുടെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഹസ്സ അൽ മൻസൂരി കസാഖ്‌സ്താനിലെ ബയ്ക്കനൂർ കോസ്‌മോഡ്രോമിൽ സോയൂസ്-എം.എസ് 15 ബഹിരാകാശ പേടകത്തിലാണ് യാത്ര തിരിക്കുക. രാജ്യത്തിന്റെ ചരിത്രപുസ്തകത്തിൽ പേരെഴുതിച്ചേർക്കാനുള്ള തയ്യാറെടുപ്പിലാണ് ഹസ്സ. യു.എ.ഇ.യുടെ ചരിത്രം, പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട പത്ത് കിലോഗ്രാം വസ്തുക്കളാണ് ഹസ്സ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. സെപ്റ്റംബർ 25-ന് യു.എ.ഇ. സമയം വൈകുന്നേരം 5.56- നാണ് യാത്ര ആരംഭിക്കുന്നത്. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ അറബ് ബഹിരാകാശ യാത്രികനും ബഹിരാകാശത്ത് എത്തുന്ന 562-ാം വ്യക്തിയുമായിരിക്കും ഹസ്സ അൽ മൻസൂരി. ഒരുവർഷം നീണ്ട തിരഞ്ഞെടുപ്പ് നടപടികൾക്കൊടുവിലാണ് ബഹിരാകാശത്തേക്ക് അയക്കേണ്ട ആദ്യ ഇമിറാത്തികളെ യു.എ.ഇ. തിരഞ്ഞെടുത്തത്. ഈ യാത്രയിലൂടെ ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന 38-ാം രാജ്യമായി യു.എ.ഇ. മാറും.

ബഹിരാകാശ യാത്രയിൽ ഗാഫ് മരത്തിന്റെ മുപ്പതോളം വിത്തുകൾ, കുടുംബഫോട്ടോ, സ്മരണികകൾ ഉൾപ്പെടെ ഹസ്സയുടെ സ്വകാര്യ വസ്തുക്കൾ, ബഹിരാകാശ യാത്രികർക്കുള്ള പ്രത്യേക ഭക്ഷണം, 1976-ൽ അപ്പോളോ ബഹിരാകാശ യാത്രികരുടെ പ്രതിനിധിയുമായുള്ള യു.എ.ഇ. സ്ഥാപക പിതാവ് ശൈഖ് സായിദിന്റെ ചിത്രം, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൈ സ്റ്റോറിയുടെ പകർപ്പ് എന്നിവ കൊണ്ടുപോകും.