മനാമ: ബഹ്‌റൈനിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളിലെ പഠനം ഓൺലൈൻ ആക്കി മാറ്റിയ സാഹചര്യത്തിൽ, വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത മാർച്ച് മാസത്തെ ട്രാൻസ്പോർട്ട് ഫീസ് പൂർണ്ണമായും ഒഴിവാക്കി നൽകണമെന്ന് യുണൈറ്റഡ് പോരന്റ് പാനൽ (യു.പി.പി) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സ്കൂൾ ചെയർമാനും മറ്റ് ഭാരവാഹികൾക്കും ഇ-മെയിൽ വഴിയും നേരിട്ടുള്ള ചർച്ചകളിലൂടെയും മാർച്ച് ആദ്യം തന്നെ യു.പി.പി ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസത്തെ ട്രാൻസ്പോർട്ട് ഫീസ് ഈടാക്കില്ലെന്ന സ്കൂൾ അധികൃതരുടെ തീരുമാനത്തെ യു.പി.പി സ്വാഗതം ചെയ്തു. എന്നാൽ, മാനസികമായും സാമ്പത്തികമായും കടുത്ത പ്രയാസം അനുഭവിക്കുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് ആശ്വാസമേകാൻ, മാർച്ച് മാസം ഈടാക്കിയ ട്രാൻസ്പോർട്ട് ഫീസ് യാതൊരു ഉപാധികളുമില്ലാതെ അടുത്ത മാസത്തെ ഫീസിൽ ഇളവ് ചെയ്തു നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ട്യൂഷൻ ഫീസിന് പുറമെ ലൈബ്രറി, എ.സി, സ്മാർട്ട് ബോർഡ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങി കുട്ടികൾ നിലവിൽ ഉപയോഗിക്കാത്ത വിവിധയിനം ഫീസുകൾ ഇപ്പോഴും ഈടാക്കുന്നുണ്ട്. ഇതിൽ ഇൻഫ്രാസ്ട്രക്ചർ എന്ന പേരിൽ റിഫ ക്യാമ്പസിന്റെ ലോൺ തിരിച്ചടവിനായി പിരിച്ചെടുക്കുന്ന തുക, ലോൺ അടച്ചു തീർന്നിട്ടുണ്ടെങ്കിൽ ഫീസിൽ നിന്ന് ഒഴിവാക്കണമെന്നും യു.പി.പി അഭിപ്രായപ്പെട്ടു. ഇത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാകും.
ഗൾഫ് നാടുകളിലെ നിലവിലെ പ്രതിസന്ധികൾ തരണം ചെയ്യപ്പെടുമെന്നും പ്രവാസികളെ കരുതലോടെ സംരക്ഷിക്കുന്ന രാജ്യത്തെ ഭരണാധികാരികൾക്ക് എല്ലാ പ്രവാസി രക്ഷിതാക്കളുടെയും പേരിൽ നന്ദി അറിയിക്കുന്നതായും യു.പി.പി നേതാക്കൾ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.









