മനാമ: ജിസിസി രാജ്യങ്ങളിലെയും ജോര്‍ദാനിലെയും വിദേശകാര്യ മന്ത്രിമാര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നിലവിലെ അധ്യക്ഷ രാജ്യം എന്ന നിലയില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ അധ്യക്ഷതയിലാണ് കൂടിക്കാഴ്ച നടന്നത്.
ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും യോഗത്തില്‍ പങ്കെടുത്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച. ജിസിസി രാജ്യങ്ങള്‍ക്കും ജോര്‍ദാനും നേരെ നടന്ന ഇറാനിയന്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍, അതുമൂലം ഉണ്ടായ വന്‍ ജീവഹാനി, സിവിലിയന്‍ സ്വത്തുക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ എന്നിവ യോഗം വിലയിരുത്തി.
ഹോര്‍മുസ് കടലിടുക്കിലെ രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ആഗോള ഊര്‍ജ്ജ സുരക്ഷ, ഭക്ഷ്യ വിതരണം, ആഗോള വ്യാപാരം എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നതും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ബഹ്റൈനുള്ള താല്‍ക്കാലിക അംഗത്വവും (2026-2027 കാലയളവ്) റഷ്യയുടെ സ്ഥിരം അംഗത്വവും കണക്കിലെടുത്ത്, ഇരുപക്ഷവും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു.









