small icons
small icons

രോഗിയില്‍ നിന്ന് 25,750 ദിനാര്‍ കവര്‍ന്ന ഇന്ത്യന്‍ നഴ്‌സിന് 10 വര്‍ഷം തടവ്

jail women

മനാമ: കിടപ്പിലായ വൃദ്ധ രോഗിയില്‍ നിന്ന് 25,750 ബഹ്റൈനി ദിനാര്‍ മോഷ്ടിച്ച കേസില്‍ സ്വകാര്യ നഴ്‌സിന് 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. നാട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാനാണ് ഇവര്‍ പണം കവര്‍ന്നത്. ഇന്നലെ കേസ് പരിഗണിച്ച ഹൈ ക്രിമിനല്‍ കോടതി, 30 വയസ്സുള്ള ഇന്ത്യന്‍ നഴ്‌സിന് 5,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

79 വയസ്സുകാരനായ രോഗിയുടെ ഫോണ്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്ലിക്കേഷനില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിനാണ് നഴ്‌സിനെതിരെ കുറ്റം ചുമത്തിയത്. തൊണ്ടയില്‍ ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടര്‍ന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതും ശാരീരികമായി തളര്‍ന്നതുമായ വയോധികന്റെ നിസ്സഹായാവസ്ഥ പ്രതി ചൂഷണം ചെയ്തതായി പ്രോസിക്യൂഷന്‍ കണ്ടെത്തി.

ശ്വാസസഹായി നിയന്ത്രിക്കുക, മരുന്നുകള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി 300 ദിനാര്‍ ശമ്പളത്തിലാണ് ഇവരെ നിയമിച്ചിരുന്നത്. ബാങ്ക് ഇടപാടുകള്‍ക്കായി ഫോണില്‍ വരുന്ന വണ്‍-ടൈം പാസ്വേഡ് (ഒടിപി) കൈക്കലാക്കിയാണ് ഇവര്‍ പണം തട്ടിയത്. തന്റെ ബഹ്റൈന്‍ അക്കൗണ്ടിലേക്ക് ഒമ്പത് തവണകളായി പണം മാറ്റിയ ശേഷം മണി ട്രാന്‍സ്ഫര്‍ സര്‍വീസ് വഴി ഈ തുക ഇന്ത്യയിലേക്ക് അയച്ചു.

ചോദ്യം ചെയ്തപ്പോള്‍ 3,500 ദിനാര്‍ ഇവര്‍ തിരികെ നല്‍കി. ബാക്കി തുക കടം വീട്ടാന്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട 49 കാരനായ മകനാണ് തട്ടിപ്പ് കണ്ടെത്തിയത്. പണം പൂര്‍ണ്ണമായി തിരികെ നല്‍കാന്‍ നഴ്‌സ് തയ്യാറാകാതിരുന്നതോടെ മകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വയോധികന്റെ ഫോണ്‍ അദ്ദേഹമറിയാതെ എടുത്ത് തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചു. പണം തിരികെ പിടിക്കാനായി ഇന്ത്യന്‍ അധികൃതരുടെ സഹായം തേടാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഇതില്‍ ഇതുവരെ അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!