മനാമ: ഇറാനിലെ യുദ്ധസാഹചര്യം സൃഷ്ടിക്കുന്ന ആഘാതം മറികടക്കുന്നതിനായി ടിക്കറ്റ് നിരക്കുകള്‍ 40 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നും സര്‍വീസുകളില്‍ കുറവ് വരുത്തുമെന്നും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ കുറഞ്ഞ നിരക്ക് വിമാനക്കമ്പനിയായ എയര്‍ ഏഷ്യ അറിയിച്ചു. അതേസമയം, വിമാനയാത്രയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വിമാനക്കമ്പനി തങ്ങളുടെ ആകെ സര്‍വീസുകളില്‍ പത്ത് ശതമാനത്തോളം ഇതിനോടകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍, മിഡില്‍ ഈസ്റ്റിലെ കമ്പനിയുടെ ആദ്യ ഹബ്ബായ ബഹ്റൈനിലേക്കുള്ള സര്‍വീസുകളും, തെക്കുകിഴക്കന്‍ ഏഷ്യയ്ക്ക് പുറത്തേക്ക് ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതികളും നിശ്ചയിച്ചതുപോലെ ജൂണില്‍ തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
25 രാജ്യങ്ങളിലായി 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഏഷ്യ എക്‌സിന്, ഇന്ധന സര്‍ചാര്‍ജ് ഈടാക്കി നഷ്ടം നികത്താന്‍ സാധിക്കുന്ന റൂട്ടുകളിലേക്ക് സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കഴിയുമെന്ന് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അമാന്‍ഡ വൂ പറഞ്ഞു. ‘എയര്‍ലൈന്‍ നിരക്കുകളില്‍ 31 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ധന സര്‍ചാര്‍ജ് 20 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു,’ അമാന്‍ഡ വൂ വ്യക്തമാക്കി.
യാത്രാനിരക്ക് വര്‍ദ്ധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലഗേജ് നിരക്കുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.









