മനാമ: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ ശരാശരി പ്രതിമാസ ശമ്പളം 892 ബഹ്റൈനി ദിനാറായി ഉയര്‍ന്നുവെന്ന് തൊഴില്‍ മന്ത്രാലയം. ബഹ്റൈന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് പുറത്തുവിട്ട 2025-ലെ മൂന്നാം പാദത്തിലെ കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും യോഗ്യതയ്ക്കനുസരിച്ചുള്ള ശമ്പള വ്യത്യാസങ്ങളെക്കുറിച്ചും എംപി ജലീല അലവി അല്‍-സയ്യിദ് ഹസ്സന് ഉന്നയിച്ച പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്. സ്വകാര്യ മേഖലയിലെ ശമ്പളം പ്രധാനമായും വിപണിയിലെ ഡിമാന്‍ഡും സപ്ലൈയും അനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
സാമ്പത്തിക മേഖല, തൊഴിലിന്റെ സ്വഭാവം, യോഗ്യതകള്‍, വൈദഗ്ധ്യം, പ്രവൃത്തിപരിചയം എന്നിവയെ അടിസ്ഥാനമാക്കി വേതന നിരക്കുകളില്‍ മാറ്റമുണ്ടാകാം. ബഹ്റൈന്‍ പൗരന്മാരുടെ ശമ്പള നിലവാരം ഉയര്‍ത്തുന്നതിനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മന്ത്രാലയം നിരന്തരം പ്രവര്‍ത്തിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ മിനിമം ശമ്പള പരിധി പുതുക്കി നിശ്ചയിച്ചു. എല്ലാ വിഭാഗങ്ങളിലും 50 ദിനാറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാല ബിരുദധാരികള്‍ക്ക് 500 ബഹ്റൈന്‍ ദിനാറും, ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്ക് 430 ബഹ്റൈന്‍ ദിനാറും, സെക്കന്‍ഡറി വിദ്യാഭ്യാസമോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 350 ബഹ്റൈന്‍ ദിനാറുമാണ് മിനിമം വേതനം.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കരിയര്‍ വികസനത്തിനുമായി 2023 നവംബറില്‍ കാബിനറ്റ് അംഗീകരിച്ച പദ്ധതികളെക്കുറിച്ചും മന്ത്രാലയം സൂചിപ്പിച്ചു. ലേബര്‍ ഫണ്ടായ ‘തംകീന്‍’ വഴി വര്‍ഷം തോറും 50,000 ബഹ്റൈനികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഉദ്യോഗാര്‍ത്ഥികളെ പിന്തുണയ്ക്കുക, കരിയര്‍ വളര്‍ച്ച ഉറപ്പാക്കുക, സ്വകാര്യ മേഖലയെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായി ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.









