മനാമ: ഇറാനുമായുള്ള രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, കായിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനും ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കാനുമുള്ള അടിയന്തര പ്രമേയം ബഹ്റൈന്‍ പാര്‍ലമെന്റ് ഐകകണ്ഠേന പാസാക്കി. എംപിമാരായ മുഹമ്മദ് അല്‍ ഒലൈവി ഉള്‍പ്പെടെ അഞ്ച് പ്രതിനിധികള്‍ ചേര്‍ന്നാണ് ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ പ്രമേയം അവതരിപ്പിച്ചത്.
ഇറാനില്‍ നിന്നുള്ള എല്ലാ ചരക്കുകളും രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുക, ടെഹ്റാനുമായുള്ള വ്യാപാര ബന്ധം ഉടനടി നിര്‍ത്തുക, നിലവില്‍ സ്റ്റോക്കുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനോ സ്വകാര്യ മേഖലയ്ക്ക് നിശ്ചിത സമയം അനുവദിക്കുക എന്നിവയാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്ന പ്രധാന നിര്‍ദേശങ്ങള്‍.
ഇറാനുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ വ്യോമ-സമുദ്ര ഗതാഗത ബന്ധങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കുക, സാമ്പത്തികവും രാഷ്ട്രീയവും മാത്രമല്ല, കായിക രംഗത്തെ സഹകരണം വരെ വിച്ഛേദിക്കാനാണ് പ്രമേയം ആവശ്യപ്പെടുന്നത്.
ബഹ്റൈന്‍, മറ്റ് ജിസിസി രാജ്യങ്ങള്‍, ജോര്‍ദാന്‍ എന്നിവയ്ക്കെതിരെ ഇറാന് നടത്തുന്ന അധിനിവേശ നിലപാടുകളും ഭീഷണികളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്ന് എംപിമാര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് മുഹമ്മദ് അല്‍ ഒലൈവി പറഞ്ഞു.
‘ഇതൊരു രാഷ്ട്രീയ വിയോജിപ്പ് മാത്രമല്ല, ബഹ്റൈന്റെയും മേഖലയുടെയും സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. അയല്‍രാജ്യങ്ങളായ ജിസിസി രാജ്യങ്ങളോടും ജോര്‍ദാനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പാല് ഉല്‍പ്പന്നങ്ങള്‍, പരവതാനി, ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് എന്നിവയാണ് ബഹ്റൈന്‍ വിപണിയില്‍ ലഭ്യമായ പ്രധാന ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍. പ്രമേയം പാസായതോടെ ഇവ വിറ്റഴിക്കാനായി വ്യാപാരികള്‍ക്ക് ഗ്രേസ് പിരീഡ് അനുവദിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പാര്‍ലമെന്റ് ഐകകണ്ഠേനെ അംഗീകരിച്ച ഈ പ്രമേയം ഇനി കാബിനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. ഇതിന്റെ നടപ്പാക്കല്‍ രീതിയും പ്രായോഗിക വശങ്ങളും കാബിനറ്റ് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അടുത്ത കാലത്ത് വിദേശനയവുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ പാര്‍ലമെന്റ് സ്വീകരിച്ച ഏറ്റവും ശക്തമായ നിലപാടുകളില്‍ ഒന്നാണിത്.









