മനാമ: മറ്റുള്ളവരെ ആക്രമിക്കാന്‍ അപകടകരമായ മൃഗങ്ങളെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവോ, ഇര മരിക്കുകയാണെങ്കില്‍ ജീവപര്യന്തം തടവോ ലഭിക്കാവുന്ന പുതിയ കരട് നിയമം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുന്നു.
പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച ഈ നിയമനിര്‍മ്മാണം, അപകടകാരികളായ മൃഗങ്ങളെ കൈവശം വെക്കുന്നതും വളര്‍ത്തുന്നതും വില്‍ക്കുന്നതും നിയന്ത്രിക്കാനും ലംഘനങ്ങള്‍ക്ക് വ്യക്തമായ ശിക്ഷകള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നിയമപരമായ വിടവ് നികത്താന്‍ ഇതിലൂടെ സാധിക്കും.
വിപുലമായ അവലോകനത്തിന് ശേഷം ശൂറ കൗണ്‍സിലിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആന്‍ഡ് എന്‍വയോണ്‍മെന്റ് അഫയേഴ്‌സ് കമ്മിറ്റി നിയമം അംഗീകരിക്കാന്‍ ശുപാര്‍ശ ചെയ്തു. മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് കമ്മിറ്റി വിശേഷിപ്പിച്ചു. പൊതുജന സുരക്ഷയും മൃഗക്ഷേമവും തമ്മിലുള്ള സന്തുലിതാവസ്ഥ ഈ നിയമം ഉറപ്പാക്കുന്നുവെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി ഹസന്‍ പറഞ്ഞു.
‘ഈ നിയമം ശിക്ഷയെക്കുറിച്ച് മാത്രമല്ല, ഉത്തരവാദിത്തങ്ങളെ ക്രമീകരിക്കുന്നതിനെക്കുറിച്ചും കൂടിയാണ്’, അദ്ദേഹം പറഞ്ഞു. ‘അപകടകാരികളായ മൃഗങ്ങളെ നിയന്ത്രണമില്ലാതെ വളര്‍ത്തുന്നത് സമൂഹത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നു. അതിനാല്‍ കൃത്യമായ മേല്‍നോട്ടത്തില്‍ യോഗ്യതയുള്ള ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ മാത്രമേ ഇത്തരം മൃഗങ്ങളെ കൈവശം വെക്കുന്നുള്ളൂ എന്ന് ഇത് ഉറപ്പാക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് അധ്യായങ്ങളിലായി 16 വകുപ്പുകളുള്ള നിയമത്തില്‍ ലൈസന്‍സിംഗ് നിയമങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, റിപ്പോര്‍ട്ടിംഗ് ബാധ്യതകള്‍, ക്രിമിനല്‍ പിഴകള്‍ എന്നിവ ഉള്‍പ്പെടുന്നു. അപകടകാരിയായ മൃഗത്തെ ഉപയോഗിച്ച് ഒരാളെ ആക്രമിക്കുകയും സ്ഥിരമായ വൈകല്യം സംഭവിക്കുകയും ചെയ്താല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കും. ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ ശിക്ഷ ജീവപര്യന്തമായി ഉയരും.
ചെറിയ ആക്രമണങ്ങള്‍ക്ക് തടവുശിക്ഷയും 1,000 മുതല്‍ 10,000 ബഹ്റൈനി ദിനാര്‍ വരെ പിഴയും ലഭിക്കാം. ലൈസന്‍സില്ലാതെ മൃഗങ്ങളെ വളര്‍ത്തുകയോ, വില്‍ക്കുകയോ, പൊതുസ്ഥലത്ത് ഭീതി പടര്‍ത്താന്‍ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കും കര്‍ശനമായ പിഴകള്‍ ബാധകമാണ്.
ഈ വിഷയത്തില്‍ ആദ്യമായാണ് സമഗ്രമായ ഒരു നിയമനിര്‍മ്മാണം നടത്തുന്നതെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് പറഞ്ഞു. പുതിയ നിയമപ്രകാരം വ്യക്തികള്‍ അപകടകാരികളായ മൃഗങ്ങളെ സ്വന്തമാക്കുന്നത് നിരോധിക്കും. മൃഗശാലകള്‍, വൈല്‍ഡ് ലൈഫ് പാര്‍ക്കുകള്‍, സര്‍ക്കസുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മാത്രമേ ഔദ്യോഗിക ലൈസന്‍സ് ലഭിച്ച ശേഷം കര്‍ശനമായ നിബന്ധനകളോടെ ഇത്തരം മൃഗങ്ങളെ വളര്‍ത്താന്‍ അനുമതിയുള്ളൂ.
ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ എല്ലാ മൃഗങ്ങളെയും ഔദ്യോഗിക രേഖകളില്‍ രജിസ്റ്റര്‍ ചെയ്യണം. കൃത്യമായ വെറ്ററിനറി പരിചരണം, സുരക്ഷിതമായ കൂടുകള്‍, ശരിയായ ഭക്ഷണം എന്നിവ ഉറപ്പാക്കുകയും മൃഗങ്ങള്‍ രക്ഷപ്പെടുന്നത് തടയാന്‍ നിരന്തരമായ മേല്‍നോട്ടം വഹിക്കുകയും വേണം. മൃഗങ്ങളുടെ ജനനം, മരണം, രോഗങ്ങള്‍, അല്ലെങ്കില്‍ ആക്രമണങ്ങള്‍ എന്നിവയെക്കുറിച്ച് അധികൃതരെ ഉടന്‍ അറിയിക്കേണ്ടതുണ്ട്.
തെരുവില്‍ അലഞ്ഞുതിരിയുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ അപകടകാരികളായ മൃഗങ്ങളെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ കാണുന്നവര്‍ അധികൃതരെ വിവരം അറിയിക്കണം. നിയമവിരുദ്ധമായി വളര്‍ത്തുന്ന മൃഗങ്ങളെ പിടിച്ചെടുക്കാനും അവയെ സംരക്ഷിക്കുന്നതിനുള്ള ചെലവ് ഉടമയില്‍ നിന്ന് ഈടാക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടാകും.
നിലവില്‍ ഇത്തരം മൃഗങ്ങളെ കൈവശം വെച്ചിട്ടുള്ളവര്‍ക്ക് നിയമം പ്രാബല്യത്തില്‍ വന്നാല്‍ അവ ക്രമപ്പെടുത്തുന്നതിന് ആറ് മാസത്തെ സാവകാശം നല്‍കും. 2023-ല്‍ ചില ഇനം മൃഗങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നെങ്കിലും, അവയെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ശിക്ഷകള്‍ നടപ്പാക്കുന്നതിനും ആവശ്യമായ പൂര്‍ണ്ണമായ നിയമ ചട്ടക്കൂട് ഇപ്പോഴത്തെ പുതിയ നിയമത്തിലൂടെ ലഭ്യമാകും.









