മനാമ: ഇന്ത്യയിലെ മാതൃ-ശിശു സംരക്ഷണ മേഖലയിലും ആരോഗ്യ രംഗത്തും കൈവരിച്ച വൻ പുരോഗതി വ്യക്തമാക്കുന്ന ആറാമത് ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6) ഫലങ്ങളെക്കുറിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 2026 മേയ് അവസാനത്തോടെയാണ് സർവേ ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
2023-24 കാലയളവിൽ നടത്തിയ ഈ സർവേ, രോഗപ്രതിരോധ കുത്തിവെയ്പ്പ്, പോഷകാഹാരം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയിൽ രാജ്യം കൈവരിച്ച വലിയ മുന്നേറ്റങ്ങളെ അടിവരയിടുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷയും സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ ഇന്ത്യ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സ്ഥിരതയാർന്ന പുരോഗതിയാണ് കൈവരിക്കുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ 715 ജില്ലകളിലായി ഏകദേശം 6,79,000 കുടുംബങ്ങളെയും ഏഴ് ലക്ഷത്തിലധികം സ്ത്രീകളെയും ഉൾപ്പെടുത്തിയാണ് ഈ വൻ സർവേ നടത്തിയത്. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളും സാമ്പത്തിക സുരക്ഷിതത്വവും നൽകുന്ന, ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ പദ്ധതിയായ ‘ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന’യുടെ മികച്ച നേട്ടങ്ങളും സർവേ വിശദമായി നിരീക്ഷിച്ചിട്ടുണ്ട്.
സർവേയിലെ പ്രധാന 6 കണ്ടെത്തലുകൾ:
-
ഇന്ത്യ പൂർണ്ണമായ വൈദ്യുതീകരണത്തിലേക്ക് അടുക്കുകയും അടിസ്ഥാന സൗകര്യങ്ങളിൽ വലിയ നേട്ടം കൈവരിക്കുകയും ചെയ്തു.
-
വനിതാ ശാക്തീകരണം ഗണ്യമായി ശക്തിപ്പെട്ടു.
-
ഇന്ത്യയുടെ ജനസംഖ്യാപരമായ മാറ്റം കൂടുതൽ സുസ്ഥിരമായി.
-
മാതൃ-ശിശു ആരോഗ്യ സംരക്ഷണ സൂചകങ്ങൾ ചരിത്രപരമായ ഉയർന്ന നിരക്കിലെത്തി.
-
ഡിജിറ്റൽ വിഭജനം ഗണ്യമായി കുറഞ്ഞു.
-
ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ നിരക്കിൽ കുറവുണ്ടായി.
ഈ സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ പകരാത്ത രോഗങ്ങളുടെ വർദ്ധിച്ചുവരുന്ന ഭീഷണി മുൻകൂട്ടി കണ്ട് ഇന്ത്യാ ഗവൺമെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വലിയ തോതിലുള്ള സ്ക്രീനിംഗും നേരത്തെയുള്ള രോഗനിർണ്ണയ സേവനങ്ങളും ലഭ്യമാക്കിവരുന്നു. വരാനിരിക്കുന്ന പുതിയ ഘട്ടത്തിൽ ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരം, പോഷകാഹാരം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അംബാസഡർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.









