മനാമ: നാല് പതിറ്റാണ്ടിലേറെക്കാലം ബഹ്റൈനിലെ ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനപ്രിയ ഡോക്ടർ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്റൈനിലെ പ്രവാസി സംഘടനകൾ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് വിവിധ സംഘടനകൾ തങ്ങളുടെ അനുസ്മരണ സന്ദേശങ്ങളിൽ വ്യക്തമാക്കി.
ബഹ്റൈൻ കേരളീയ സമാജവും കാൻസർ കെയർ ഗ്രൂപ്പും: ഡോ. ചെറിയാന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം (BKS) അനുശോചിച്ചു. പ്രതിഫലേച്ഛ കൂടാതെ സാമൂഹിക സേവനം നടത്തി ബഹ്റൈൻ പ്രവാസികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഡോക്ടറുടെ വിയോഗം വലിയ നഷ്ടമാണെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു. പരേതനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 8:30-ന് കാൻസർ കെയർ ഗ്രൂപ്പുമായി ചേർന്ന് സമാജം ഹാളിൽ പ്രത്യേക അനുശോചനയോഗം സംഘടിപ്പിക്കും. യോഗത്തിൽ മുഴുവൻ സംഘടനാ പ്രതിനിധികളും മെഡിക്കൽ-സാമൂഹിക പ്രവർത്തകരും പങ്കെടുക്കണമെന്ന് കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.
ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ISB): വിദ്യാലയത്തിന്റെ മുൻ ചെയർമാൻ കൂടിയായിരുന്ന ഡോ. ചെറിയാന്റെ നിര്യാണത്തിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടി നിലവിലെ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആഴത്തിലുള്ള അനുശോചനം അറിയിച്ചു. 1993-1995, 1997-1999 കാലഘട്ടങ്ങളിൽ സ്കൂൾ ചെയർമാനായിരുന്ന അദ്ദേഹം വിദ്യാലയത്തെ ഒറ്റ ഷിഫ്റ്റിലേക്ക് മാറ്റുന്നതിലും, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്റർ, സ്കൂൾ ബാൻഡ്, കവേർഡ് വാക്ക്വേ എന്നിവ സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. പഠന മികവിനായി മെറിറ്റ് അവാർഡുകൾ ഏർപ്പെടുത്തിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം വിദ്യാലയത്തിന്റെ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഐ.സി.ആർ.എഫും ഐ.എം.എയും: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ICRF) ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി ഓൺലൈൻ അനുശോചന യോഗം ചേർന്നു. സമൂഹത്തിനായി ജീവിതം സമർപ്പിച്ച കാരുണ്യവാനായ ഡോക്ടറെയും സമർപ്പിതനായ കമ്മ്യൂണിറ്റി നേതാവിനെയും യോഗത്തിൽ പങ്കെടുത്തവർ സ്മരിക്കുകയും പരേതന്റെ ആത്മാവിനായി മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.
സംഘടനകളുടെ അനുശോചനങ്ങൾ:
-
കൊല്ലം പ്രവാസി അസോസിയേഷൻ: ബഹ്റൈൻ ഭരണാധികാരികളുമായുള്ള തന്റെ ശക്തമായ ബന്ധം പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിനിയോഗിച്ച വ്യക്തിയായിരുന്നു ഡോക്ടറെന്ന് അസോസിയേഷൻ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുസ്മരിച്ചു. സംഘടനയുടെ തുടക്കം മുതൽ സജീവമായിരുന്ന അദ്ദേഹം മെഡിക്കൽ ക്യാമ്പുകളിലും മറ്റും നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്നും സ്മരിക്കപ്പെടും.
-
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF): വൈദ്യരംഗത്തും സാമൂഹിക സേവന രംഗത്തും അദ്ദേഹം കാഴ്ചവെച്ച നിസ്വാർത്ഥ സേവനം തീരാനഷ്ടമാണെന്ന് കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത് സോമൻ, രക്ഷാധികാരികളായ കെ. ടി. സലീം, ജമാൽ കുട്ടിക്കാട്ടിൽ, യു.കെ. ബാലൻ എന്നിവർ അനുസ്മരിച്ചു.
-
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ: അസോസിയേഷന്റെ വിവിധ മെഡിക്കൽ ക്യാമ്പുകളിൽ നൽകിയ നിസ്തുലമായ സംഭാവനകളെ അനുസ്മരിച്ച സംഘടന, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് എന്ന നിലയിലും സൽമാനിയ ആശുപത്രിയിലെ എമർജൻസി വിഭാഗം ചീഫ് റെസിഡന്റ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ ശ്ലാഘിച്ചു.
-
കുടുംബ സൗഹൃദ വേദി ബഹ്റൈൻ: അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാരായ പ്രവാസികൾക്ക് സമയവും സാഹചര്യവും നോക്കാതെ എപ്പോഴും ഓടിയെത്തിയിരുന്ന വലിയൊരു മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഓർമ്മിപ്പിച്ച ഭാരവാഹികൾ പരേതനോടുള്ള ആദരസൂചകമായി അനുശോചന യോഗവും സംഘടിപ്പിച്ചു.
-
കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ: കാൻസർ കെയർ ഗ്രൂപ്പ് വഴി രോഗികൾക്കായി അദ്ദേഹം വിഭാവനം ചെയ്ത ധനസഹായ പദ്ധതികളെയും ബഹ്റൈൻ രാജകുടുംബത്തിന്റെയും മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെയും മെഡിക്കൽ ടീമിൽ അംഗമായി നടത്തിയ പ്രവർത്തനങ്ങളെയും കൂട്ടായ്മ കൃതജ്ഞതയോടെ അനുസ്മരിച്ചു.
-
ബഹ്റൈൻ മലയാളീ സെയിൽസ് ടീം (BMST): സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായ ഡോക്ടർ സാധാരണക്കാരായ ജനങ്ങൾക്ക് നൽകിയ വിലമതിക്കാനാവാത്ത ആതുരസേവനങ്ങളും സാംസ്കാരിക ഇടപെടലുകളും വാർത്താക്കുറിപ്പിൽ എടുത്തുപറഞ്ഞു.
-
ബഹ്റൈൻ നവകേരള: നാലര പതിറ്റാണ്ട് കാലം തന്റെ ആതുരസേവന മികവിനൊപ്പം മനുഷ്യസ്നേഹവും കരുതലും കൊണ്ട് ബഹ്റൈൻ മലയാളി സമൂഹത്തിന്റെ വിശ്വാസവും ആദരവും നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കേന്ദ്ര കമ്മിറ്റി അനുസ്മരിച്ചു.
-
ബി.കെ.എസ്.എഫ് (BKSF): ഏറ്റവും ആദരണീയനായ ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായ ഡോ. ചെറിയാന്റെ വിയോഗം സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ വലിയൊരു അത്താണിയാണ് നഷ്ടപ്പെടുത്തിയത് എന്ന് ഭാരവാഹികൾ വ്യക്തമാക്കി.
-
ഐ.വൈ.സി.സി ബഹ്റൈൻ (IYCC): സംഘടനയുടെ വിവിധ ജീവകാരുണ്യ, ആരോഗ്യപരിപാടികൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും അദ്ദേഹം നൽകിയ വിലപ്പെട്ട പിന്തുണയും ഉപദേശങ്ങളും എന്നും നന്ദിയോടെ സ്മരിക്കപ്പെടുമെന്ന് നേതാക്കൾ അറിയിച്ചു.
-
ഐ.സി.എഫ് ബഹ്റൈൻ (ICF): ബഹ്റൈനിലെ ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പ്രവാസ ലോകത്ത് ആത്മാർത്ഥതയുടെ പര്യായമായിരുന്നുവെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
-
ബഹ്റൈൻ തൃശൂർ കുടുംബം (BTK): വൈദ്യ സേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സജീവ സാന്നിധ്യത്തെ ഭാരവാഹികൾ അനുസ്മരിച്ചു.









