മനാമ: ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള അചഞ്ചലമായ വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിച്ച് ഷിഫ അൽ ജസീറ ഹോസ്പിറ്റലും മെഡിക്കൽ സെന്ററും സംയുക്തമായി വിശ്വസ്തതാ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരിയായ രാജാവിനോടും ബഹ്റൈൻ രാഷ്ട്രത്തോടുമുള്ള തങ്ങളുടെ കൂറും പിന്തുണയും ആശുപത്രി ജീവനക്കാർ ചടങ്ങിൽ ആവർത്തിച്ചു വ്യക്തമാക്കി.
രാജ്യത്ത് ശാന്തിയും സമാധാനവും സുസ്ഥിരതയും സൗഹൃദവും സഹവർത്തിത്വവും ഉറപ്പാക്കുകയും കൂടുതൽ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യുന്ന രാജാവിന്റെ ദീർഘദർശിത്വമുള്ള നേതൃത്വത്തിലും ഭരണകൂടത്തിന്റെ പ്രതിബദ്ധതയിലും ജീവനക്കാർ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തി. വികസനം, സഹിഷ്ണുത, സാംസ്കാരിക വൈവിധ്യം എന്നിവയുടെ ആഗോള മാതൃകയായി ബഹ്റൈൻ മുന്നേറുന്നതിൽ രാജാവിന്റെ ഭരണ നേതൃത്വത്തോടുള്ള ആദരവും ബഹുമാനവും ചടങ്ങിൽ പ്രതിഫലിച്ചു. ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു പ്രത്യേക വിശ്വസ്തതാ ലെഡ്ജറിൽ ഒപ്പുവെച്ചു.
ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സിയാദ് ഉമറും മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ ഗരീബും സ്മാരക പ്രതിജ്ഞാ ബോർഡിൽ ആദ്യമായി ഒപ്പുവെച്ചുകൊണ്ട് ചടങ്ങിന് നേതൃത്വം നൽകി. സ്ഥാപനത്തിന്റെ ഐക്യവും രാജ്യത്തോടുള്ള പ്രതിബദ്ധതയും ആദരവും പ്രതിഫലിപ്പിക്കുന്ന ഈ സ്മാരക ബോർഡ് പിന്നീട് ദേശീയ ആർക്കൈവിലേക്ക് സൂക്ഷിക്കുന്നതിനായി ഔദ്യോഗികമായി കൈമാറി.
രാജ്യവ്യാപകമായി നടക്കുന്ന വിശ്വസ്തതയും കൂറും പുതുക്കുന്ന ദേശീയ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അഭിമാനമാണെന്ന് ഷിഫ അൽ ജസീറ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ഭരണനേതൃത്വത്തോടുള്ള വിശ്വസ്തതയും രാജ്യത്തോടുള്ള ആഴത്തിലുള്ള സ്നേഹവും പ്രകടിപ്പിക്കാൻ എല്ലാ ജീവനക്കാർക്കും ലഭിച്ച മികച്ച അവസരമായിരുന്നു പരിപാടിയെന്നും, രാജ്യത്തിന്റെ വികസനത്തിന് സുരക്ഷയും സ്ഥിരതയും അനിവാര്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ചടങ്ങിന്റെ സമാപനത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ദീർഘായുസ്സും ആരോഗ്യവും നേർന്ന ജീവനക്കാർ, അവരുടെ വിവേകപൂർണമായ നേതൃത്വത്തിൽ ബഹ്റൈൻ സുരക്ഷയുടെയും പുരോഗതിയുടെയും പാതയിൽ തുടർന്നും മുന്നേറട്ടെയെന്ന് പ്രാർത്ഥനാപൂർവ്വം ആശംസിച്ചു.









