മനാമ: ബഹ്‌റൈനിലെ റാസ് സുവൈദിലുള്ള വെയർഹൗസിൽ അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ ബന്ധനസ്ഥനാക്കി 40,000 ബഹ്‌റൈനി ദിനാർ വിലമതിക്കുന്ന ഇലക്ട്രിക് കേബിളുകൾ കവർന്ന കേസിൽ മൂന്ന് പാകിസ്താൻ സ്വദേശികൾക്ക് 5 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ശിക്ഷാകാലയളവ് പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട നാലാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
ആസൂത്രിത കവർച്ചയും നാടകീയ അറസ്റ്റും:
മറ്റൊരു നിർമ്മാണ സ്ഥലത്തുനിന്ന് ദിവസങ്ങൾക്ക് മുമ്പ് മോഷ്ടിച്ച വാനിലെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസിന്റെ കണ്ണുവെട്ടിക്കാൻ ഈ വാനിന്റെ നമ്പർ പ്ലേറ്റ് ഇവർ മാറ്റിയിരുന്നു.
കവർച്ച നടന്ന രാത്രി പുലർച്ചെ 2 മണിയോടെ സുരക്ഷാ മുറിയിൽ അതിക്രമിച്ചുകയറിയ സംഘം 37 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും കത്തിയും മരത്തടിയും കാട്ടി ഭീഷണിപ്പെടുത്തി കസേരയിൽ കൂട്ടിക്കെട്ടുകയുമായിരുന്നു. തുടർന്ന് ഇയാളുടെ ഫോണും ഗേറ്റിന്റെ താക്കോലും തട്ടിയെടുത്ത് വെയർഹൗസിന്റെ പൂട്ട് തകർത്ത് വാനിൽ വൻതോതിൽ ചെമ്പ് കേബിളുകൾ കടത്തിക്കൊണ്ടുപോയി. രാവിലെ 7 മണിയോടെ മറ്റൊരു തൊഴിലാളി എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാരൻ മോചിതനായത്.
മോഷ്ടിച്ച കേബിളുകൾ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വ്യാപാരിയുടെ സഹായത്തോടെ പോലീസ് കെണിയൊരുക്കിയാണ് പ്രതികളെ കുടുക്കിയത്. വാനിൽ സ്ഥലത്തെത്തിയ പ്രതികൾ പോലീസ് സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്നുപേരെ പോലീസ് സാഹസികമായി പിടികൂടി.
മോഷണം പോയ 40,000 ദിനാറിന്റെ കേബിളുകളിൽ 7,000 ദിനാർ വിലമതിക്കുന്ന സാധനങ്ങൾ മാത്രമാണ് പോലീസിന് വീണ്ടെടുക്കാനായത്.









