മനാമ: എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്റൈൻ ആസ്ഥാനത്തെ ഇ. അഹമ്മദ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദർശനം പ്രവാസികൾക്കിടയിൽ തരംഗമാകുന്നു.
ഓഗസ്റ്റ് 15-ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഷംസുദ്ധീൻ വെള്ളികുളങ്ങര, കെ.പി. മുസ്തഫ, സലിം തളങ്കര, എൻ. അബ്ദുൽ അസീസ്, അഷറഫ് കക്കണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
റഫീഖ് തോട്ടക്കര, ഫൈസൽ കണ്ടിത്താഴ, സഹൽ തൊടുപുഴ, പി.കെ. ഇസ്ഹാഖ് എന്നിവരുടെ ആശയത്തിലും ആവിഷ്കാരത്തിലുമാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള ആഗമനം മുതൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷം നിലവിൽ വന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ജവഹർലാൽ നെഹ്റു മന്ത്രിസഭ വരെയുള്ള സുപ്രധാന ചരിത്ര സംഭവങ്ങളും ചിത്രങ്ങളും കോർത്തിണക്കിയാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്.
ധീര ദേശാഭിമാനികളുടെ ത്യാഗപൂർണ്ണമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ പുതുതലമുറയിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്ന സന്ദേശമാണ് ഈ പ്രദർശനം മുന്നോട്ടുവെക്കുന്നത്. വരും ദിവസങ്ങളിലും വൈകുന്നേരം 5:00 മണി മുതൽ രാത്രി 10:00 മണി വരെ കെ.എം.സി.സി ആസ്ഥാനത്ത് പ്രദർശനം തുടരുമെന്നും, മുഴുവൻ പ്രവാസി സമൂഹവും ഇത് കാണാൻ എത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.









